തിരുവനന്തപുരം|
aparna shaji|
Last Modified ഞായര്‍, 14 ഓഗസ്റ്റ് 2016 (10:51 IST)
കേരളത്തിലെ എടിഎമ്മുകളിൽ നിന്നും ഹൈടെക് രീതിയിൽ മോഷണം നടത്തിയ റുമേനിയൻ സംഘത്തിനു സഹായം നൽകിയത് ഇന്ത്യാക്കാരനെന്ന് സംശയം. മുംബൈയിലെ പ്രാദേശിക തട്ടിപ്പുസംഘങ്ങൾ ഇവരെ സഹായിച്ചതായാണ് പൊലീസിന്റെ സംശയം. തട്ടിപ്പുസംഘത്തിൽ മുംബൈയിൽ തങ്ങിയ അഞ്ചാമനു വേണ്ടി എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതു തദ്ദേശീയനായ ഒരാളെന്നാണു പൊലീസിന് എസ്ബി ഐ നൽകിയ മുംബൈയിലെ എ ടി എമ്മിനുള്ളിലെ വീഡിയോയിൽ വ്യക്തമാകുന്നത്.
സംഘത്തിലെ പ്രധാനിയായ ഗബ്രിയേൽ അറസ്റ്റിലായതിനു പിന്നാലെ ഒൻപതിനു രാത്രി 11.46 ന് ഒരാൾ എ ടി എം മുറിയിലേക്കു കടന്നു പണം പിൻവലിക്കുന്നതാണു ദൃശ്യം. കറുത്ത ഷർട്ടും ജീൻസും ധരിച്ച ഇയാൾ ഇന്ത്യൻ പൗരനാണെന്നാണു പൊലീസ് വിലയിരുത്തൽ. ഒട്ടേറെ സമയം വിവിധ കാർഡുകൾ എടിഎമ്മിൽ പരീക്ഷിക്കുന്നതും കാണാം. ഇതാണ് ഇയാളെ സംശയിക്കാനുള്ള കാരണം.
എന്നാൽ, ഇയാളുടെ വീഡിയോ ഗബ്രിയെലിനെ കാണിച്ചപ്പോൾ തനിയ്ക്ക് അറിയില്ല എന്നായിരുന്നു പ്രതികരണം. പണം പിൻവലിക്കുന്ന ഇതേ സമയത്തു തന്നെയാണു തിരുവനന്തപുരം ചൂഴമ്പാല സ്വദേശിയും എസ്ബിടി പള്ളിത്തുറ ശാഖയിലെ മുൻ ചീഫ് മാനേജരുമായ ബി.ജ്യോതികുമാറിന്റെ അക്കൗണ്ടിൽ നിന്ന് 47,800 രൂപ നഷ്ടപ്പെട്ടത്.