റെയ്‌നാ തോമസ്|
Last Modified തിങ്കള്‍, 4 നവംബര്‍ 2019 (10:09 IST)
തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടര വയസ്സുകാരന്‍ സുജിത് കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തില്‍ നൊമ്പരം മായുന്നതിന് മുമ്പേ വീണ്ടുമൊരു അപകടം. ഹരിയാനയില്‍ നിന്നാണ് പുതിയ ദുരന്ത വാര്‍ത്ത. അഞ്ചുവയസ്സുകാരിയാണ് 50 അടി താഴ്‍ചയുള്ള കുഴല്‍ക്കിണറില്‍ വീണത്.
ഹരിയാനയിലെ കര്‍ണാലിലെ ഗരൗഡയിലാണ് കുഴല്‍ക്കിണര്‍ അപകടത്തിനിടയാക്കിയത്. ഗരൗഡയിലെ ഹര്‍സിങ്പുര ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് കുഴല്‍ക്കിണറിനായുള്ള കുഴിയിലേക്ക് പതിച്ചത്. ഞയാറാഴ്‍ചയാണ് വൈകീട്ടാണ് കുട്ടി അപകടത്തില്‍പെട്ടത്.
തിങ്കളാഴ്‍ചയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‍തു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഒക്ടോബര്‍ 25-നാണ് തിരുച്ചിറപ്പള്ളിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടര വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ രക്ഷിക്കാന്‍ നാല് ദിവസത്തോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 29-ന് പുലര്‍ച്ചെയാണ് നൂറടിയോളം താഴ്‍ചയില്‍ വീണ സുജിത്തിന്‍റെ മൃതദേഹം പുറത്തെടുത്തത്.