ന്യൂഡൽഹി|
Last Updated:
ശനി, 24 ഓഗസ്റ്റ് 2019 (13:29 IST)
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്‌റ്റ്‌ലി (66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.07 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ശ്വാസതടസത്തെ തുടർന്ന് ഈ മാസം ഒമ്പതിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 13ന് വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. ആദ്യം ചികിത്സകളോട് പ്രതികരിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളായി.
പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതരും ഇന്ന് രാവിലയോടെ അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഏറെക്കാലം രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ജെയ്‌റ്റ്‌ലി അനാരോഗ്യത്തെ തുടർന്നാണ് രണ്ടാം മോദി സർക്കാരിൽ നിന്നും മാറിനിന്നത്.
വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയ്റ്റ്ലി വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു.