വാരണാസി|
സജിത്ത്|
Last Modified വ്യാഴം, 22 ഡിസംബര്‍ 2016 (15:16 IST)
രാഹുൽ ഗാന്ധിയുടെ അഴിമതി ആരോപണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസരൂപേണയുള്ള മറുപടി. ഭൂകമ്പം ഉണ്ടാകുമെന്ന് പേടിപ്പിച്ച കോൺഗ്രസിലെ യുവനേതാവ് പ്രസംഗിക്കാൻ പഠിച്ച് വരികയാണെന്നാണ് രാഹുലിനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി പരിഹസിച്ചത്. ഇപ്പോൾ ആ യുവ നേതാവ് പ്രസംഗിക്കാൻ പഠിച്ചതിൽ താന്‍ അതിയായി സന്തോഷിക്കുന്നതായും മോദി പറഞ്ഞു.
മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ഒരു ദശാബ്ദത്തിലധികം സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച മന്‍മോഹൻ സിങ് സ്വന്തം രാജ്യത്തിനായി ഒന്നും ചെയ്തില്ലെന്നും ഭീകരരെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നതുപോലെയാണ് പ്രതിപക്ഷം കളളപ്പണക്കാരെ സംരക്ഷിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
മോദി അഴിമതി നടത്തിയതിന്റെ സകല തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും അത് വെളിപ്പെടുത്തിയാൽ രാജ്യത്ത് ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. "അദ്ദേഹം സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഒരു ഭൂകമ്പം ഉണ്ടായേനെ. എതായാലും സംസാരിച്ച് തുടങ്ങിയത് വളരെ നന്നായി. ഇനി ഒരു ഭൂകമ്പത്തിനുള്ള സാധ്യതയില്ല" എന്നായിരുന്നു ഇതേക്കുറിച്ച് മോദിയുടെ പരാമർശം.