പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; രണ്ടു ബിരുദ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| Sajith| Last Modified ശനി, 23 ജനുവരി 2016 (12:04 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിനിടെയാണ് സംഭവം. മുദ്രാവാക്യം വിളിച്ച അമേന്ദ്രകുമാര്‍ ആര്യ, രാം കിരണ്‍ നിര്‍മ്മല്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 151ആം വകുപ്പുപ്രകാരം കേസ് രജിസ്റ്റെര്‍ ചെയ്തു.

സുരേന്ദ്ര നിഗം എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. മൂന്ന് ദിവസത്തേക്കാണ് കുട്ടികള്‍ ഹോസ്റ്റലില്‍ മുറിയെടുത്തത്. എന്നാല്‍ ഈ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ ദിവസം തന്നെ ഇവരെ ഹോസ്റ്റലില്‍ നിന്നും ഇറക്കി വിടുകയായിരുന്നു.

ബോഡിങ്ങില്‍ അടക്കേണ്ട തുക താന്‍ നേരത്തെ അടച്ചിരുന്നുവെന്ന് നിര്‍മ്മല്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ കേസെടുത്തതിന്റെ അടിസ്ഥാനത്തിലാണ് മുറി റദ്ദാക്കിയത് എന്നും നിര്‍മ്മല്‍ പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരമാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ചതെന്നും തങ്ങള്‍ക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഇവര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :