തീരാത്ത അഴിമതി ആരോപണങ്ങളുമായി വീണ്ടും കീര്‍ത്തി ആസാദ്

കൊച്ചി| Sajith| Last Modified ഞായര്‍, 10 ജനുവരി 2016 (15:50 IST)
ഹോക്കി ഇന്ത്യയില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണവുമായി ബി ജെ പി എം പി കീര്‍ത്തി ആസാദ്. ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലിനു ശേഷമാണ് ഇത്തരം ഒരു വെളിപ്പെടുത്തലുമായി കീര്‍ത്തി ആസാദ് രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ ഹോക്കി ഇന്ത്യയിലെ അഴിമതിയെക്കുറിച്ചുള്ള എല്ലാ തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും ഉടന്‍ തന്നെ പുറത്തു കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു.

ഇരുപത്തിയഞ്ചു കോടി രൂപയ്ക്ക്
നിര്‍മ്മാണാനുമതി നല്‍കിയ ഡല്‍ഹി സ്റ്റേഡിയത്തിന് 58 കോടി രൂപയോളം ചെലവായിരുന്നു. ഈ അധിക തുകയ്ക്ക് അനുമതി ആരു നല്‍കിയെന്നും ഇതിനുപിന്നിലെ
അഴിമതി പുറത്തു കൊണ്ടു വരണമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ അദ്ദേഹത്തോട് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ കഴിഞ്ഞ ശേഷം പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആസാദ് പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതില്‍ ഒരു തരത്തിലുള്ള വിഷമവും ഇല്ലെന്നും അഴിമതിക്കെതിരായ തന്‍റെ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും തന്‍റെ കാര്യം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി പാര്‍ലമെന്‍ററി സമിതി ചേരുന്നുണ്ടെങ്കില്‍ അത്
തനിക്കുള്ള വലിയ ഒരു
അംഗീകാരമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പരിപാടിക്കായി കൊച്ചിയിലെത്തിയ അദ്ദേഹം പറഞ്ഞു.

അതേസമയം, അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച അരവിന്ദ് കെജ്‌രിവാളിനും
കീര്‍ത്തി ആസാദിനുമെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ 2.5 കോടി രൂപയുടെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യാന്‍ ഡല്‍ഹി ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :