കൊവിഡ് കണക്കുകൾ കേരളം എല്ലാ ദിവസവും പുതുക്കണമെന്ന് കേന്ദ്ര സർക്കാ‌ർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (18:16 IST)
കൊവിഡ് കണക്കുകൾ കേരളം പുതുക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ നിന്നുള്ള കണക്കുകൾ കൂടി ചേര്‍ത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധനവ് ഉണ്ടായതിനെ തുടർന്നാണ് ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചത്.

കേരളത്തിൽ കേസുകൾ ഗണ്യമായി കുറഞ്ഞതോടെ കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത് നിർത്തലാക്കിയിരുന്നു. ഏപ്രില്‍ 13-നു ശേഷം കഴിഞ്ഞ അഞ്ചുദിവസം കണക്കുകള്‍ പുതുക്കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നത്.

ഏപ്രില്‍ 13-നു ശേഷം ഇന്നാണ് കേരളം കണക്കുകള്‍ പുതുക്കിയത്. ഈ കണക്കുകള്‍ കൂടി ചേര്‍ത്തുകൊണ്ടാണ് രാജ്യത്തെ കോവിഡ് കണക്കുകൾ ഇന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്നുള്ള ഈ കണക്കുകള്‍ കൂടി ചേര്‍ന്നു വരുമ്പോഴാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ ഇന്ന് 90 ശതമാനം വര്‍ധന ഉണ്ടായിരിക്കുന്നത്.

അഞ്ചുദിവസത്തെ കണക്ക് ഒറ്റയടിക്ക് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് ഒഴിവാക്കാനാണ് കേന്ദ്രനിർദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :