മൂന്ന് കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തായി

കള്ളപ്പണം, കേന്ദ്ര സര്‍ക്കാര്‍, സുപ്രീം കോടതി
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (12:07 IST)

രാജ്യത്ത് നിന്ന് നികുതി വെട്ടിച്ച് വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തു വിടുന്നതിന്റെ ഭാഗമായി മുന്ന് കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.
കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

രാധ എസ്. ടിംബ്ളോ, പ്രദീപ് ബര്‍മന്‍, പങ്കജ് ചിമന്‍ലാല്‍ എന്നീ വ്യവസായികളുടെ പേരുകളാണ് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. രാധ എസ്. ടിംബ്ളോ ഗോവയിലുള്ള ഖനിയുടമയാണ്. കോടിക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഇദ്ദേഹം നടത്തുന്നത്. പ്രദീപ് ബര്‍മന്‍ ഔഷധ വ്യവസായിയാണ്. ഗുജറാത്തിലുള്ള സ്വര്‍ണ വ്യാപാരിയാണ് ചിമന്‍ലാല്‍. ഇദ്ദേഹത്തിന് ഒാഹരി വിപണിയിലും ധാരാളം നിക്ഷേപം ഉണ്ട്.

കള്ളപ്പണ നിക്ഷേപകരെ പിടികൂടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ശക്തിപ്പെടുത്തിയതോടെ കള്ളപ്പണം സ്വര്‍ണ്ണമാക്കി ഇന്ത്യയിലേക്ക് കടത്തുന്നതായി വിവരങ്ങളുണ്ട്.
അതേസമയം, കള്ളപ്പണവുമായി ബന്ധപ്പെട്ട് നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയും അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ യുപിഎ സര്‍ക്കാരിലെ സഹമന്ത്രിയായിരുന്നു. രണ്ട് പേര്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ളവരാണ്. മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ മൂന്ന് പേരുടെ വിവരങ്ങള്‍ പുറത്ത് വിട്ട് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ പേരുകള്‍ പുറത്തുവിടാമെന്ന നിലപാടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുക്കുക. നേരത്തേ കള്ളപ്പണവുമായി ബന്ധപ്പെട്ട പേരുകള്‍ സുപ്രീം കോടതി മുമ്പാകെ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട് എടുത്തത്. ഇരട്ട നികുതി സംബന്ധമായ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഈ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :