6, 000 കോടിയുടെ ആസ്തിയുള്ള പിതാവ് സാധാരണക്കാരുടെ ജീവിതം മകന്‍ പഠിക്കണമെന്ന് തീരുമാനിച്ചു; മകനെ അയച്ചത് കേരളത്തിലേക്ക്; പിന്നെ സംഭവിച്ചത് എന്താണെന്നോ ?

6, 000 കോടിയുടെ ആസ്തിയുള്ള പിതാവ് സാധാരണക്കാരുടെ ജീവിതം മകന്‍ പഠിക്കണമെന്ന് തീരുമാനിച്ചു; മകനെ അയച്ചത് കേരളത്തിലേക്ക്; പിന്നെ സംഭവിച്ചത് എന്താണെന്നോ ?

കൊച്ചി| JOYS JOY| Last Modified വെള്ളി, 22 ജൂലൈ 2016 (14:38 IST)
തലതെറിച്ചു നടന്ന മകനെ കഷ്‌ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും വഴി പഠിപ്പിക്കാന്‍ കേരളത്തിലേക്ക് അയച്ച് കഥ നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ട്, അതെ എ ബി സി ഡിയില്‍ തന്നെ. എന്നാല്‍, ആ ‘അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി’ കേരളത്തില്‍ വന്ന് കാട്ടിക്കൂട്ടിയതൊക്കെ വന്‍ വാര്‍ത്തയായി. അവര് വല്ലതും പഠിച്ചോ എന്ന് ചോദിച്ചാല്‍ അത് ജോണിനോട് തന്നെ ചോദിക്കണം. പക്ഷേ, ഗുജറാത്തില്‍ നിന്ന് സാധാരണക്കാരുടെ ജീവിതം അറിയാന്‍ കേരളത്തില്‍ എത്തിയ ദ്രവ്യ ധൊലാകിയ എന്ന 21 കാരന്‍ ബഹളങ്ങള്‍ ഒന്നുമില്ലാതെ സാധാരണക്കാരന്റെ ജീവിതമറിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി.

ഗുജറാത്തിലെ പ്രമുഖ രത്നവ്യാപാരിയായ സാവ്‌ജി ദൊകാലിയയാണ് തന്റെ മകനെ സാധാരണക്കാരുടെ ഇടയിലേക്ക് പറഞ്ഞയച്ചത്. 71 രാജ്യങ്ങളില്‍ ബിസിനസ് ഉള്ള ആറായിരം കോടി രൂപയുടെ ആസ്തിയുള്ള സാവ്‌ജി ജോലിക്ക് വേണ്ടിയും പണത്തിന് വേണ്ടിയുമുള്ള മനുഷ്യരുടെ കഷ്‌ടപ്പാട് അറിയാന്‍ വേണ്ടിയാണ് മകനെ പറഞ്ഞയച്ചത്. അങ്ങനെ 7000 രൂപയുമായി കൊച്ചിയിലെത്തിയ ദ്രവ്യ ഒരു മാസത്തെ അദ്ധ്വാനത്തിനൊടുവില്‍ 4000 രൂപ സമ്പാദിച്ചാണ് ജന്മനാട്ടിലേക്ക് മടങ്ങിയത്.

മൂന്നു നിബന്ധനകള്‍ ആയിരുന്നു താന്‍ മകന് മുന്നില്‍ വെച്ചിരുന്നതെന്ന് സാവ്‌ജി വ്യക്തമാക്കി. അദ്ധ്വാനിച്ച് പണം ഉണ്ടാക്കുക, ഒരു ആഴ്ചയില്‍ കൂടുതല്‍ എവിടെയും ജോലി ചെയ്യരുത്, അച്ഛന്റെ പേരോ വിശദാംശങ്ങളോ ഒന്നിനു വേണ്ടിയും ഉപയോഗിക്കരുത്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, വീട്ടില്‍ നിന്ന് 7000 രൂപയില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ല. പാവപ്പെട്ടവര്‍ പണം സമ്പാദിക്കാനും ജോലി സമ്പാദിക്കാനും എത്രത്തോളം കഷ്‌ടപ്പെടുന്നുണ്ടെന്ന് മകനെ ബോധ്യപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. എന്നാല്‍, അനുഭവം അല്ലാതെ ലോകത്തെ ഒരു സര്‍വ്വകലാശാലയും ഇതൊന്നും പഠിപ്പിക്കില്ല. അതിനാലാണ് താന്‍ മകനെ തെരുവിലേക്ക് അയച്ചത്. നേരത്തെ, തൊഴിലാളികള്‍ക്ക് ബോണസ് ആയി ഫ്ലാറ്റും കാറും നല്കിയതിലൂടെ സാവ്‌ജി മാധ്യമശ്രദ്ധ നേടിയിരുന്നു.

യുഎസില്‍ എം ബി എ ചെയ്യുന്ന ദ്രവ്യ അവധിക്കാലത്തിനായി ഇന്ത്യയില്‍ എത്തിയപ്പോഴാണ് പിതാവിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ എത്തിയത്. ജൂണ്‍ 21ന് മൂന്നു സെറ്റ് ഉടുപ്പും 7,000 രൂപയുമായി എത്തിയ ദ്രവ്യ അഞ്ചുദിവസമാണ് ജോലി ലഭിക്കാതെയും താമസിക്കാന്‍ ഉചിതമായ സ്ഥലം കിട്ടാതെയും അലഞ്ഞത്. 60 സ്ഥലങ്ങളില്‍ നിന്ന് ജോലി നിഷേധിച്ചു. ഇവിടെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. നിഷേധിക്കപ്പെടുന്നവരുടെ അവസ്ഥ എന്താണെന്നും ഈ കാലഘട്ടത്തില്‍ ഒരു ജോലിക്ക് എത്രമാത്രം
പ്രസക്തിയുണ്ടെന്നും താന്‍ തിരിച്ചറിഞ്ഞെന്നും ദ്രവ്യ വ്യക്തമാക്കുന്നു. ഗുജറാത്തിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് പ്ലസ് ടു കഴിഞ്ഞ താന്‍ വരുന്നതെന്നായിരുന്നു ദ്രവ്യ എല്ലാവരോടും പറഞ്ഞത്.

ചേരാനെല്ലൂരിലെ ഒരു ബേക്കറിയിലാണ് ദ്രവ്യയ്ക്ക് ആദ്യമായി ജോലി ലഭിച്ചത്. പിന്നീട്, കോള്‍ സെന്ററിലും ഷൂ ഷോപ്പിലും മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റിലും ജോലി നോക്കി. ഒരു മാസം കൊണ്ട് 4, 000 രൂപ സമ്പാദിച്ചു. പണത്തെക്കുറിച്ചോര്‍ത്ത് ബുദ്ധിമുട്ടിയില്ലെന്നും എന്നാല്‍, 40 രൂപയ്ക്ക് ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടിയെന്നും ദ്രവ്യ പറയുന്നു. കൂടാതെ, ലോഡ്‌ജിനായി ഓരോ ദിവസവും 250 രൂപ ആവശ്യമുണ്ടായിരുന്നു. സാധാരണക്കാരന്റെ ജീവിതം പഠിച്ചതിനു ശേഷം ദ്രവ്യ കഴിഞ്ഞദിവസം സൂറത്തിലേക്ക് മടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :