ഭുവനേശ്വര്‍|
Last Modified വെള്ളി, 3 മെയ് 2019 (19:20 IST)
ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ വീശിയടിച്ച ദിവസം ഭുവനേശ്വറിൽ ഉണ്ടായ കുഞ്ഞിന് ഫോനി എന്ന് പേരിട്ടു. റെയില്‍വെ ആശുപത്രിയില്‍ രാവിലെ 11.03 നായിരുന്നു പെണ്‍ കുഞ്ഞിന്റെ ജനനം. ഡോക്ടര്‍മാരും റെയില്‍വെ അധികൃതരും കുഞ്ഞിന് ഫോനി എന്ന പേര് നിര്‍ദേശിക്കുകയും മാതാപിതാക്കള്‍ ഇത് അംഗീകരിക്കുകയുമായിരുന്നു.
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് ജനിച്ചത്. മഞ്ചേശ്വറിലുള്ള കോച്ച് റിപ്പയര്‍ വര്‍ക്ക് ഷോപ്പിലെ ഹെല്‍പ്പറായ 32 വയസുള്ള റെയില്‍വെ ജീവനക്കാരിയുടെ കുഞ്ഞാണ് അവള്‍.
അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. 'Fani' എന്നെഴുതുന്ന ചുഴലിക്കാറ്റിന്റെ പേര് ‘ഫോനി’ എന്നാണ് ഉച്ചരിക്കുക. ബംഗ്ലദേശാണ് ഈ പേര് നിർദ്ദേശിച്ചത്. പാമ്പിന്റെ പത്തിയെന്നാണ് ഈ വാക്കിന്റെ ഏകദേശ അർഥം.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനൽക്കാലത്ത് ചുഴലിക്കാറ്റുകൾ അപൂർവമാണ്. വെള്ളിയാഴ്ച രാവിലെയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുന്നത്.