പുൽവാമ|
Last Modified തിങ്കള്‍, 18 ഫെബ്രുവരി 2019 (12:16 IST)
സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ജെയ്ഷെ കമാൻഡർ കമ്രാന്‍ എന്ന ജെയ്‌ഷെ മുഹമ്ദ് ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഇയാളോടൊപ്പം
പ്രാദേശിക ഭീകരൻ ഹിലാലും കൊല്ലപ്പെട്ടു.
അതേസമയം, ഇവരെയാണു വധിച്ചതെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കമ്രാനും സംഘവുമാണ് പുൽവാമ ഭീകരാക്രമണത്തിന് കാറിൽ സ്ഫോടക വസ്തുക്കൾ നിറച്ചത്.
ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികരും കൊല്ലപ്പെട്ടു. 55 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിൽപ്പെട്ട സൈനികരാണു മരിച്ചത്. പിംഗ്‌ലാന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചയാണ് ഏറ്റുട്ടല്‍ ആരംഭിച്ചത്.
ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാ സേന സ്‌ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല.
മൂന്ന് ഭീകരർ പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചതോടെയാണ് വെടിവയ്‌പ് ഉണ്ടായത്. കെട്ടിടം സൈന്യം വളഞ്ഞതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യവും പൊലീസും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.