ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 29 ജൂലൈ 2015 (16:00 IST)
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം മൃതദേഹം മധുരയില്‍ നിന്നു ജന്മനാടായ രാമേശ്വരത്ത് എത്തിച്ചു. മധുരയില്‍ നിന്നും ഹെലികോപ്റ്ററിലാണ് രാമേശ്വരത്തേക്ക് കലാമിന്റെ മൃതദേഹം കൊണ്ടുവന്നത്. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ മധുര വിമാനത്താവളത്തില്‍ കലാമിന്റെ ഭൗതികശരീരം വഹിച്ച സേനാവിമാനം എത്തിയപ്പോള്‍ തമിഴ്‌നാട് ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഭൗതികശരീരം ഏറ്റുവാങ്ങി.
രാമേശ്വരത്തിനുസമീപം മണ്ഡപത്തില്‍വെച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കലാമിന്റെ ഭൗതികശരീരം ഏറ്റുവാങ്ങും. രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് പൊതുദര്‍ശനത്തിനുവെക്കുന്ന മൃതദേഹത്തില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. ഇതിനുശേഷം രാത്രി എട്ടുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അന്ത്യകര്‍മ്മങ്ങള്‍ വ്യാഴാഴ്ച രാവിലെ എട്ടിന് വീടിനടുത്തുള്ള മുഹിയുദ്ദീന്‍ ആണ്ടവ ജുമ്അ പള്ളിയില്‍ നടക്കും. അതിനുശേഷം തങ്കച്ചിമഠം മെയ്യംപള്ളിയില്‍ ഖബറടക്കും. മെയ്യംപള്ളിയിലെ സര്‍ക്കാര്‍ ഭൂമിയിലാണ് കബറടക്കം നടക്കുന്നത്.
രാജാജി മാര്‍ഗിലെ വസതിയില്‍ നിന്ന് എട്ട് മണിയോടെ മൃതദേഹം പാലം വിമാനത്താവളത്തിലെത്തിക്കുകയും. അവിടെ നിന്നും പ്രത്യേക വിമാനത്തില്‍ മൃതദേഹം മധുരയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. അവിടെ നിന്ന് ജില്ലാകളക്ടര്‍ ഏറ്റുവാങ്ങിയ മൃതദേഹം മധുരയില്‍ നിന്ന് ഹെലികോപ്ടര്‍മാര്‍ഗം രാമേശ്വരത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. നാളെ 11 മണിയോടെ പൂര്‍ണ്ണ ബഹുമതിയോടെ കബറടക്കം നടത്തും. കബറടക്കച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാമേശ്വരത്ത് തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന കലാമിന്റെ ആഗ്രഹം കണക്കിലെടുത്താണ് സംസ്‌കാരം അവിടെ നടത്തുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനും സ്‌മാരകം പണിയുന്നതിനുമായി സര്‍ക്കാര്‍ 1.5 ഏക്കര്‍ ഭൂമി വിട്ടു നല്‍കുകയും ചെയ്‌തു. എപിജെ അബ്ദുള്‍ കലാമിന്റെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദനും രാമേശ്വരത്തേക്ക് പോകും. വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തിലാണ് ഇരുവരും പുറപ്പെടുക. ഇരുവര്‍ക്കുമോപ്പം മറ്റു മന്ത്രിമാരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
തിങ്കളാഴ്‌ച വൈകിട്ട് ആറരയ്ക്കാണ് ഷില്ലോംഗ് ഐഐഎമ്മില്‍ കലാമിന്റെ പ്രഭാഷണം തുടങ്ങിയത്. ഏതാണ്ട് 20 മിനുട്ടിനുശേഷം അദ്ദേഹം
കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഷില്ലോംഗിലെ ബഥനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും
മരണം സംഭവിക്കുകയായിരുന്നു. ഷില്ലോംഗിലെ സൈനിക യുണിറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയാണ് മരണവിവരം സ്ഥിരീകരിച്ചത്.
1931 ഒക്ടോബര്‍ 15നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായ അദ്ദേഹത്തെ മിസൈല്‍ സാങ്കേതികവിദ്യയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. 2002 ജൂലൈ 25ന് രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റ കലാം തന്റെ ജനകീയ നയങ്ങളാല്‍, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരില്‍ പ്രശസ്തനായി. 2007 ജൂലൈ 25നു കലാം രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞു. 2002 ല്‍ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ്സും, ബിജെപിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം.
ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന പ്രത്യേകത കൂടിയുണ്ട് ഇദ്ദേഹത്തിന് സ്വന്തം. ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍,1997ല്‍ ഭാരത രത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമായിരുന്നു കലാം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുള്‍ കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊഖ്റാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചു.