ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 1 ഓഗസ്റ്റ് 2015 (18:41 IST)
മുംബൈ സ്ഫോടന കേസിലെ പ്രതിയായിരുന്ന യാക്കൂബ് മേമനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവച്ചു. മലയാളിയുമായ അനൂപ് സുരേന്ദ്രനാഥാണ് രാജിവച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനൂപ് രാജിക്കാര്യം പ്രഖ്യാപിച്ചത്.
പല കാരണങ്ങളാൽ ഈ പദവി രാജി വയ്ക്കുന്ന കാര്യം ആലോചിച്ചു വരികയായിരുന്നു. എന്നാൽ, യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി ആ തീരുമാനത്തിന് മേലുള്ള അവസാന ആണി അടിക്കലായി എന്ന് അനൂപ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം, വധശിക്ഷയെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയാണ് രാജി വച്ചതെന്നാണ് അനൂപിന്റെ ഔദ്യോഗിക വിശദീകരണം.
മേമനെ തൂക്കിലേറ്റുന്നതിന് മുന്പ് നടന്ന അസാധാരണ നടപടികളെ പരാമർശിച്ച് നേരത്തെയും അനൂപ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. മേമന്റെ ഹർജി തള്ളിയ ജൂലായ് 29നും 30ന് പുലർച്ചെ അഞ്ചു മണിക്കും ഉണ്ടായ സംഭവ വികാസങ്ങൾ ജുഡിഷ്യറി സ്ഥാനത്യാഗം ചെയ്തതിന് ഉദാഹരണമാണെന്നും സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ കറുത്ത മണിക്കൂറുകളാണ് കടന്നു പോയതെന്നും അനൂപ് നേരത്തെ പറഞ്ഞിരുന്നു.