aaparna shaji|
Last Updated:
ശനി, 11 ഫെബ്രുവരി 2017 (10:22 IST)
മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന
ശശികല നടരാജനെ തീർത്തും പ്രതിരോധത്തിലാക്കുന്ന നടപടികളാണ് എഐഡിഎംകെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം നീക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ജനങ്ങളെ തനിക്കൊപ്പം നിർത്തുക എന്നതാണ് ഒ പി എസിന്റെ നീക്കമെന്ന് വ്യക്തം.
ജയലളിതയുടെ മുന്‍സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് യുവാക്കളെ സംഘടിപ്പിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മറീനബീച്ചില്‍ ഇന്ന് ശശികലയ്‌ക്കെതിരായി പ്രതിഷേധയോഗം ചേരുന്നുണ്ട്. സോഷ്യല്‍മീഡിയ വഴി യുവാക്കളോട് മറീനബീച്ചിലേക്ക് എത്താന്‍ വ്യാപക പ്രചരണവും നടത്തുന്നുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനുശേഷം മറീനബീച്ച് വീണ്ടും ജനസാഗരമാകുമോ എന്നതു മാത്രമാണ് ഇനി അറിയേണ്ടത്.
ശശികല എംഎല്‍എമാരെ തടവിലാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിസോര്‍ട്ടുകളില്‍ റെയ്ഡും നടക്കുന്നുണ്ട്. എന്നാൽ, തങ്ങളെ ആരും തടവിൽ പാർപ്പിച്ചിട്ടില്ലെന്നാണ് എം എൽ എ മാർ പ്രതികരിച്ചത്.
അതോടൊപ്പം, ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനില്ലെന്നുളള ഗവര്‍ണറുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ അധികാരമാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരട്ടെ എന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത രാജ്ഭവന്‍ നിഷേധിച്ചിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിരുന്നു.