ശ്രീനഗര്‍|
Last Modified ബുധന്‍, 30 നവംബര്‍ 2016 (08:56 IST)
ജമ്മുവില്‍ നഗ്രോട്ട സൈനികക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാര്‍ ഉല്‍പ്പെടെ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരില്‍ മൂന്നുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഓഫീസറായ മേജര്‍ കുനാല്‍ ഗോസാല്‍വി, ലാന്‍സ് നായിക് കദം, സിപായ് രഗ്വിന്ദര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്.
സൈനികക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെയും സൈന്യം വധിച്ചു. ഭീകരര്‍ 12 സൈനികരെയും രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും ബന്ദികളാക്കിയെങ്കിലും ഇവരെ സൈന്യം രക്ഷിച്ചു. ഇതിനിടെ, മറ്റൊരു സംഭവത്തില്‍ ജമ്മുവിലെ സാംബ മേഖലയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ ബി എസ് എഫ് മൂന്നു ഭീകരരെ കൂടി വധിച്ചു.
പ്രത്യാക്രമണങ്ങളില്‍ ബി എസ് എഫ്, ഡി ഐ ജി അടക്കം എട്ടു സുരക്ഷാഭടന്മാര്‍ക്ക് പരുക്കേറ്റു. സൈന്യത്തിന്റെ ആയുധപ്പുരയും സൈനികരുടെ താമസസ്ഥലവും ലക്ഷ്യമാക്കിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് ഭീകരര്‍ രണ്ടുതവണ ആക്രമണം അഴിച്ചുവിട്ടത്.
ജമ്മുവില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നഗ്രോട്ട സൈനിക താവളം.
പൊലീസ് വേഷത്തില്‍ വന്‍ ആയുധശേഖരവുമായി സൈനിക കേന്ദ്രത്തിലെത്തിയ ഭീകരര്‍ ഓഫീസര്‍മാരുടെ മെസ്സിലേക്ക് ഗ്രനേഡ് വര്‍ഷിക്കുക ആയിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.