'മോദി വീണ്ടും പ്രധാനമന്ത്രിയാകണം': രാജസ്ഥാൻ ഗവർണറുടേത് പെരുമാറ്റച്ചട്ട ലംഘനം; രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

അലിഗഢില്‍ സിറ്റിങ് എം.പി. സതീഷ് ഗൗതമിനെ വീണ്ടും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു സിങ്ങിന്റെ വിവാദപ്രസംഗം.

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (11:39 IST)
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടണമെന്ന പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. മാര്‍ച്ച് 23-ന് അലിഗഢില്‍ വെച്ച് ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു സിങ്ങിന്റെ വിവാദപ്രസംഗം.ഇതു ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കമ്മിഷന്‍ കത്തെഴുതും.അലിഗഢില്‍ സിറ്റിങ് എം.പി. സതീഷ് ഗൗതമിനെ വീണ്ടും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു സിങ്ങിന്റെ വിവാദപ്രസംഗം.

പ്രസംഗം ഇപ്രകാരമായിരുന്നു- ‘നമ്മളെല്ലവരും ബി.ജെ.പി. പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ ബി.ജെ.പി. ജയിക്കണമെന്നു നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവരും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. മോദി പ്രധാനമന്ത്രിയാകുന്നതു രാജ്യത്തിനും സമൂഹത്തിനും അത്യന്താപേക്ഷിതമാണ്'.

ഒരു ഗവര്‍ണര്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണം ആദ്യമായല്ല ഉയരുന്നത്. 1993ൽ അന്നത്തെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍സര്‍ അഹമ്മദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്റെ മകന്‍ സയീദ് അഹമ്മദിനുവേണ്ടി പ്രചാരണം നടത്തിയതായിരുന്നു വിവാദം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ഗവര്‍ണര്‍സ്ഥാനം രാജിവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :