Last Modified ബുധന്‍, 20 മാര്‍ച്ച് 2019 (12:56 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള. തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻപിളള പറഞ്ഞു. മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു പിളള മറുപടി നൽകിയില്ല.
പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കു മറുപടി ഇല്ലെന്നും
ശ്രീധരൻ പിളള വ്യക്തമാക്കി. ആർഎസ്എസ് ഇടപെടൽ ഉണ്ടായോ എന്ന് അവരോട് ചോദിക്കണമെന്നും ശ്രീധരൻ പിളള കൂട്ടിച്ചേർത്തു. പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനായി പിടിവാശി തുടർന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിളള മത്സരിക്കേണ്ടന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായി രാവിലെ മുതൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. ശ്രീധരൻപിളള മാറി നിൽക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. ഇതോടെ പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
കേന്ദ്രനേതൃത്വം അംഗീകരിച്ചുവെന്ന് പാർട്ടി നേതാവ് പി കെ കൃഷ്ണദാസ് അറിയിച്ചു. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തശേഷം പട്ടിക തയ്യാറാക്കിയത്. പത്തനംതിട്ട സീറ്റിനെച്ചൊല്ലിയുളള പിടിവലിയാണ് ബിജെപി സ്ഥാനാർത്ഥി നിർണ്ണയക പട്ടിക അനിശ്ചിതത്വത്തിലാക്കിയത്.
പി എസ് ശ്രീധരൻപിളള, കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്കു പുറമേ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി രംഗത്തെത്തി. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയം സങ്കീർണ്ണമായി. ബിജെപി വിജയസാധ്യതയുളള സീറ്റുകളായി പരിഗണിക്കുന്ന പത്തനംതിട്ടയോ, തൃശ്ശൂരോ മത്സരിക്കാൻ കിട്ടിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവില്ല എന്ന നിലപാടിലായിരുന്നു സുരേന്ദ്രൻ. എന്നാൽ തൃശ്ശൂർ സീറ്റ് ബിഡിജെഎസിനു ബിജെപി വിട്ടുകൊടുത്തു.