Last Modified വെള്ളി, 15 മാര്‍ച്ച് 2019 (10:58 IST)
കോട്ടയം ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ട കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി ജെ ജോസഫിനെ ഇടുക്കിയിൽ സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ വച്ച ഈ നിർദേശത്തിനു മേൽ അവർ തീരുമാനം എടുത്തിട്ടില്ല.
ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചേ പറ്റൂ എന്ന വാശിയിലാണ് പി ജെ ജോസഫ്. തന്നെ മാണി വിഭാഗം അവഗണിച്ചെന്നു കരുതുന്ന അദ്ദേഹം മുന്നണിയിൽ തുടരണമെങ്കിൽ ഇടുക്കിയിൽ യുഡിഎഫ് സ്വതന്ത്രനായി നിർത്തണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
ജോസഫിനോട് താത്പര്യവും സഹതാപവും ഉണ്ടെങ്കിലും ഒരു ലോക്സഭാ സീറ്റ് വിട്ടുകൊടുക്കുന്നതിനോട് നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും യോജിപ്പില്ല. കോൺഗ്രസിനു ഇടുക്കിയിൽ പറ്റിയ സ്ഥാനാർത്ഥിയില്ലെന്നാണ് ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയിലേക്കു നിർദേശിക്കപ്പെടുന്ന ഉമ്മൻ ചാണ്ടി മത്സരിക്കാനില്ലെന്ന നിലപാടിലാണ്.
ജെ ജോസഫിനെ ഇടുക്കിയിൽ സ്വതന്ത്രനായി നിര്‍ത്താൻ കോൺഗ്രസ് തയ്യാറായേക്കുമെന്ന വാര്‍ത്തകൾക്കെതിരെ ശക്തമായ എതിര്‍പ്പാണ് ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് അവര്‍ സംസ്ഥാന ദേശീയ നേതൃത്വങ്ങളെ അറിയിച്ചു കഴിഞ്ഞു. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യൂത്ത് കോൺഗ്രസിനും കടുത്ത എതിര്‍പ്പാണ്.
കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റ് ഘടകകക്ഷിക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കുവച്ചതെന്നാണ് വിവരം. ഇതോടെ പിജെ ജോസഫിന്‍റെ കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് മുന്നണിക്കകത്ത് നിലനിൽക്കുന്നത്.
അതേസമയം കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരും വരെ കാക്കാനാണ് പിജെ ജോസഫിന്‍റെ തീരുമാനം. കെഎം മാണി പിജെ ജോസഫ് തര്‍ക്കം പിളര്‍പ്പിലേക്ക് എത്തിയ സാഹചര്യത്തിൽ ജോസഫിനെ കൂടി കൂടെ കൂട്ടിക്കൊണ്ടുള്ള അനുനയ നീക്കങ്ങളാണ് കോൺഗ്രസ് യുഡിഎഫ് നേതൃത്വം മുൻകയ്യെടുത്ത് നടത്തുന്നത്. ഇതിനുള്ള ചര്‍ച്ചകളും പല തലങ്ങളിൽ പുരോഗമിക്കുകയാണ്.