കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാഹിദ കമാല്‍ മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായ ഷാനിമോള്‍ ഉസ്മാന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറിയതു കാരണമാണിത്.
മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയാണ് ഷാഹിദ കമാല്‍ (40). ഷാനിമോള്‍ മത്സരിക്കാത്ത സാഹചര്യത്തില്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഷാഹിദയുടെ പേര് നിര്‍ദ്ദേശിച്ചത്. അഞ്ചല്‍ സ്വദേശിനിയായ ഷാഹിദ എഐസിസിയിലും സംസ്ഥാന സാമൂഹിക ക്ഷേമ ബോര്‍ഡിലും അംഗമാണ്.
ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും ആലപ്പുഴ സീറ്റ് കെ സി വേണുഗോപാലിനു നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്ന് മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ഷാനിമോള്‍ കോണ്‍ഗ്രസ് നേതൃത്തെ അറിയിക്കുകയും കെപിസിസിക്ക് ഇതു സംബന്ധിച്ച് കത്ത് നല്‍കുകയും ചെയ്തു.
അതിനിടെ, വടകരയില്‍ ദള്‍ സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. കേന്ദ്രത്തില്‍ യുഡിഎഫിനോട് ചേര്‍ന്നു നില്‍ക്കുന കക്ഷികളുമായി മാത്രമേ കേരളത്തിലും ബന്ധമുണ്ടാക്കൂ എന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.