തിരുവനന്തപുരം|
Last Modified തിങ്കള്‍, 4 മെയ് 2015 (12:00 IST)
സംസ്‌ഥാനത്ത് അഴിമതിക്കാരായ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരും ക്രിമിനലുകളും ചേര്‍ന്ന കൂട്ടുകെട്ടുണ്ടെന്നും സര്‍ക്കാരിന്റെ സമ്മര്‍ദം മൂലം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള വിജിലന്‍സ് ഡയറക്‌ടറുടെ തുറന്നുപറച്ചില്‍ അതീവ ഗുരുതരമാണെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
ഔദ്യോഗികസ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥമേധാവിക്ക് ഇങ്ങനെ പറയേണ്ടിവരുന്നത് ചരിത്രത്തിലാദ്യമാണ്. ഇത് ഭരണരംഗത്തെ സമ്പൂര്‍ണ അരാജകത്വത്തിന്റെ തെളിവാണ്. കേസന്വേഷിക്കാന്‍ വിജിലന്‍സിനെയും പൊലീസിനെയും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ സൂചിപ്പിച്ച അവിശുദ്ധ കൂട്ടുകെട്ട്, യുഡിഎഫ് ഭരണം കേരളത്തെ എത്തിച്ച ദുരന്തമാണ്. ധനമന്ത്രിയും എക്‌സൈസ് മന്ത്രിയും ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടുന്നതിന്റെ സ്‌ഥിരീകരണമാണിതെന്നും കോടിയേരി പറഞ്ഞു.
അഴിമതിക്കാര്‍ അധികാരം കൈയ്യാളുമ്പോള്‍ അന്വേഷണ സംവിധാനങ്ങള്‍ അഴിമതിയുടെ സംരക്ഷകരാകുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തെ രാഷ്‌ട്രീയ അപചയത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും കുത്തരങ്ങായി മാറ്റിയിരിക്കുന്നു. അന്വേഷണ സംവിധാനത്തെ നയിക്കേണ്ട വ്യക്‌തി അത് പരസ്യമായി തുറന്നുപറഞ്ഞപ്പോള്‍ സര്‍ക്കാരിന് തുടരാനുള്ള ധാര്‍മിക അവകാശം ഇല്ലാതായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.