തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 8 ജനുവരി 2017 (17:20 IST)
മുതിർന്ന നേതാവെന്ന നിലയിൽ വിഎസ് അച്യുതാനന്ദന്‍ അച്ചടക്കം പാലിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പരസ്യ പ്രസ്‌താവനയ്‌ക്ക് നില്‍ക്കാതെ പറയാനുള്ളത് സംസ്ഥാന സമിതിയിൽ വ്യക്തമാക്കണം. പാർട്ടിയുടെ സ്ഥാപക നേതാവും വഴികാട്ടിയുമായ വിഎസ് പാർട്ടിക്ക് വഴങ്ങണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
പുതിയ തലമുറയ്‌ക്ക് വഴികാട്ടിയായി വിഎസ് ഇനിയും മുന്നിലുണ്ടാകണം. പ്രായാധിക്യവും പാർട്ടി ചട്ടവും മൂലമാണ് പാർട്ടി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളാന്‍ കാരണമായത്. സംസ്ഥാന സമിതിയില്‍ അദ്ദേഹത്തിന് ക്ഷണിതാവായി പങ്കെടുക്കാന്‍ സാധിക്കാമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.
നോട്ട് അസാധുവാക്കൽ നടപടിയുടെ ലക്ഷ്യങ്ങൾ പാളി. നോട്ട് പിൻവലിച്ചതിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നിറവേറിയില്ല. സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയതു മാത്രമാണ് ഈ നടപടിയുടെ ഫലം. കള്ളപ്പണം തടയൽ ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ
പ്രഖ്യാപനങ്ങൾ എല്ലാം പാഴ്‌വാക്കായെന്നും യെച്ചൂരി ആരോപിച്ചു.
നോട്ട് അസാധുവാക്കല്‍ നടപടിയിലെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കാൻ സിപിഎം രാജ്യവ്യാപകമായി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തണം. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.