മോഹൻലാലിൻറെ പ്രതിച്ഛായയ്ക്ക് കളങ്കം; അമ്മയിലെ കൂട്ടാരാജിയില്‍ പ്രതികരണവുമായി വി മുരളീധരന്‍

മോഹൻലാലിൻറെ പ്രതിച്ഛായയ്ക്ക് കളങ്കം; അമ്മയിലെ കൂട്ടാരാജിയില്‍ പ്രതികരണവുമായി വി മുരളീധരന്‍

  v muralidharan , Amma , Mohanlal , Dileep , ബിജെപി , വി മുരളീധരന്‍ , ദിലീപ് , അമ്മ , അമ്മയില്‍ രാജി
കോട്ടയം| jibin| Last Modified ബുധന്‍, 27 ജൂണ്‍ 2018 (15:29 IST)
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയില്‍നിന്നു രാജിവച്ച നടിമാരെ പിന്തുണച്ച് ബിജെപി എംപി വി മുരളീധരന്‍. രാജിവയ്ക്കാന്‍ നടിമാരെടുത്ത തീരുമാനം ഏറ്റവും ഉചിതമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.


മോഹന്‍ലാല്‍ അധ്യക്ഷനായ ശേഷം ദിലീപിനെ തിരിച്ചെടുക്കാന്‍ എടുത്ത തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അവള്‍ക്കൊപ്പം എന്ന ചിത്രത്തോടൊപ്പം ചേര്‍ത്ത പോസ്റ്റില്‍ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.

മോഹൻലാൽ എന്ന മഹാനായ നടൻ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗർഭാഗ്യകരമാണ്. ശ്രീ മോഹൻലാലിൻറെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.

ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് അക്കാര്യത്തിൽ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് അമ്മയിൽ നിലനിൽക്കുന്നത് എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻഅധ്യക്ഷനെന്ന നിലയിൽ ശ്രീ മോഹൻലാൽ മുൻകൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരാൾ എന്ന നിലയിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :