കൊച്ചി|
jibin|
Last Modified ശനി, 7 ജനുവരി 2017 (17:54 IST)
പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതല്ലെന്ന ആരോപണങ്ങള്‍ ഇല്ലാതാക്കി സംഘടനയെ സമരസജ്ജമാക്കാന്‍ ചേര്‍ന്ന ആദ്യ യുഡിഎഫ് ജില്ലാ നേതൃയോഗത്തിന്റെ നിറം കെടുത്തി മുസ്‌ലിം ലീഗ്. ഡിസിസി പുനഃസംഘടനയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ കൊച്ചിയിൽ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ലീഗ് നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഉമ്മന്‍ ചാണ്ടിയും എത്തിയുമെങ്കിലും
മുസ്‍ലിം ലീഗ് ജില്ലാ നേതാക്കള്‍ നിര്‍ണായകമായ യോഗത്തില്‍ നിന്ന് വിട്ടു നിന്നതോടെ ചടങ്ങിന്റെ മാറ്റ് നഷ്‌ടമായി.
രമേശ് ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ലീഗ് നേതാക്കളെ ഫോണില്‍ വിളിച്ചെങ്കിലും യോഗത്തിനെത്താന്‍ അവര്‍ മടി കാണിക്കുകയായിരുന്നു. കൊച്ചി കോര്‍പറേഷന്‍ മേയറെ മാറ്റണമെന്ന പാര്‍ട്ടിയുടെ ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിട്ടുനില്‍ക്കുകയാണെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിച്ചു. എന്നാല്‍ ഈ ആവശ്യത്തെ
അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുധീരന്‍ പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്‌തു.
ഉമ്മന്‍ചാണ്ടിയും സുധീരനും മടങ്ങുംവരെയും ലീഗ് നേതാക്കള്‍ യോഗത്തിനെത്തിയില്ല. ഒടുവില്‍ യോഗമവസാനിപ്പിച്ച് ചെന്നിത്തല പുറത്തിറങ്ങുന്നതിനിടെ ലീഗ് ജില്ലാ പ്രസിഡന്‍റ് സ്ഥലത്തെത്തി. ഗതാഗതക്കുരുക്കില്‍പ്പെട്ടതിനാല്‍ യോഗത്തിനെത്താന്‍ വൈകുകയായിരുന്നെന്ന് വിശദീകരിച്ചു.