സജിത്ത്|
Last Updated:
ബുധന്‍, 17 ഓഗസ്റ്റ് 2016 (07:44 IST)
കാറും കോളും നിറഞ്ഞ കള്ള കര്‍ക്കിടകം വിട വാങ്ങി. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങം പിറന്നു. പ്രതീക്ഷകളുടെയും ആനന്ദത്തിന്‍റെയും കാലമായ ചിങ്ങ പുതുവര്‍ഷം, ദുരിതങ്ങളുടെ കയ്പ്നീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം. ഈ ദിവസം കര്‍ഷകദിനമായാണ് മലയാളികള്‍ ആചരിക്കുന്നത്.
പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം കൂടിയാണ് ചിങ്ങം. ഏത് നാട്ടില്‍ കഴിയുകയാണെങ്കിലും മലയാളികളുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. അത്തപ്പൂക്കളുവും മുറ്റത്തെ ഊഞ്ഞാലുമെല്ലാം മലയാളിയുടെ മനസിലെ മായാത്ത സ്മരണകളാണ്.
പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. വര്‍ഷം മുഴുവന്‍ സുഖവും സമ്പല്‍ സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന ദിവസമാണ് ചിങ്ങം ഒന്ന്. നിറയെ പൂത്തു നില്‍ക്കുന്ന തുമ്പയും തെച്ചിയും ചെമ്പകവുമെല്ലാം മാവേലി മന്നനായി കാത്തിരിക്കുന്നു. അത്തം പിറന്നു കഴിഞ്ഞാല്‍ മുറ്റം നിറയെ പൂക്കളങ്ങള്‍. പത്താം നാള്‍ തിരുവോണം. പഴയ കാലത്തിന്റെ ഓര്‍മ്മ വീണ്ടും മലയാള നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറക്കാനായി നമുക്ക് പ്രാര്‍ഥിക്കാം.