മണിയുടെ മരണം: ആശയകുഴപ്പം അകറ്റാന്‍ വിദഗ്ധ മെഡിക്കൽ സംഘം രൂപീകരിക്കും

മണിയെ ചികിത്സിച്ച ഡോക്ടർമാര്‍ക്കു പുറമെ ഫൊറൻസിക്, രാസപരിശോധന വിദഗ്ധരുമടങ്ങുന്നതാണ് സംഘം.

തൃശൂർ, കലാഭവൻ മണി, മരണം, പൊലീസ് Thrissur, Kalabhavan mani, Death, Police
തൃശൂർ| സജിത്ത്| Last Modified വ്യാഴം, 24 മാര്‍ച്ച് 2016 (09:19 IST)
കലാഭവൻ മണിയുടെ മരണകാരണത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോളും നിലനില്‍ക്കുന്നു.
ആശയകുഴപ്പം അകറ്റുന്നതിനായി വിദഗ്ദ മെഡിക്കൽ സംഘം രൂപീകരിക്കാന്‍ ധാരണയായി. മണിയെ ചികിത്സിച്ച ഡോക്ടർമാര്‍ക്കു പുറമെ ഫൊറൻസിക്, രാസപരിശോധന വിദഗ്ധരുമടങ്ങുന്നതാണ് സംഘം. അതോടൊപ്പം തന്നെ ആന്തരികാവയവങ്ങളിലെ വിഷപദാർത്ഥങ്ങളുടെ അളവുവ്യക്തമാക്കുന്ന റിപ്പോർട്ട് നൽകണമെന്ന് കാക്കനാട് കെമിക്കൽ ലാബിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

മണിയുടെ ശരീരത്തിലെ കീടനാശിനിയെ സംബന്ധിച്ച് രണ്ട് റിപ്പോർട്ടുകളായിരുന്നു അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്. ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും മെഥനോളും ശരീരത്തിലുണ്ടെന്ന കാക്കാനാട് ലാബിലെ രാസപരിശോധനാഫലും അതിനെ ആസ്പദമാക്കിയുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടുമായിരുന്നു ആദ്യത്തേത്. എന്നാല്‍ മണിയെ ചികിത്സിച്ച കൊച്ചിയിലെ ആശുപത്രിയിലെ പരിശോധനാഫലത്തിലും ഡോക്ടർമാരുടെ മൊഴിയിലും ശരീരത്തില്‍ കീടനാശിനിയില്ല, മെഥനോൾ മാത്രമേയുള്ളെന്ന് വ്യക്തമാക്കിയതായിരുന്നു പിന്നീട് ലഭിച്ച റിപ്പോര്‍ട്ട്. ഈ രണ്ടു റിപ്പോര്‍ട്ടിലേയും വൈരുധ്യം മൂലമുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാണ് വിദഗ്ധരടങ്ങിയ സംഘം രൂപീകരിക്കാൻ ഡി ജി പി ടി പി സെൻകുമാർ നിർദേശിച്ചത്. ഇതിനു വേണ്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അന്വേഷണസംഘം കത്തെഴുതാന്‍ തീരുമാനിച്ചു. കൂടാതെ സംഘത്തിനു പഠനം നടത്തണമെങ്കിൽ ശരീരത്തിലുള്ള ഓരോ കീടനാശിനിയുടെയും അളവ് കൃത്യമായി ലഭിക്കണം. അതിനായി അളവ് വ്യക്തമാക്കി റിപ്പോർട്ട് നൽകാനും കാക്കാനാട് കെമിക്കൽ ലാബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനോടൊപ്പം സാംപിളുകൾ ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബിലും പരിശോധിക്കും. ഓരോ വിഷപദാർത്ഥവും മരണത്തിന് എത്രത്തോളം കാരണമായിട്ടുണ്ടെന്നും, കീടനാശിനി ഭക്ഷണത്തിലൂടെ ശരീരത്തിലെത്താനും അടിഞ്ഞുകൂടാനും സാധ്യതയുണ്ടോയെന്നുമുള്ള രണ്ട് കാര്യങ്ങളാണ് പ്രധാനമായും സംഘം പരിശോധിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ ആത്മഹത്യ കൊലപാതക സാധ്യതകൾ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സ്വാഭാവിക മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നിരുന്നാലും സംഘത്തിന്റെ പഠനത്തിന്റെ അടിസ്ഥനത്തിലായിരിക്കും അന്തിമ നിഗമനത്തിലെത്താന്‍ കഴിയുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :