അഭിറാം മനോഹർ|
Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (14:31 IST)
കൊച്ചിയിൽ പ്രണയം നിരസിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. ഏലൂർ പാതാളത്ത് വെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ അക്രമണം ഉണ്ടായത്. സ്‌കൂള്‍ വിട്ട് വരുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ഓട്ടോ ഇടിക്കാനായി വരുകയായിരുന്നു.
പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധുവായ കാര്‍ത്തി(18), സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഇന്നലെ വൈകീട്ട് നാലുമണിക്കായിരുന്നു സംഭവം. ശിവ മുമ്പ് പെണ്‍കുട്ടിയോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് ഇയാൾ നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്‌തിരുന്നു. ഇന്നലെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഓട്ടോ അതിവേഗം വരുന്ന ശബ്‌ദം കേട്ട് ഓടി മാറുകയായിരുന്നുവെന്നും അല്ലായിരുന്നെങ്കിൽ വണ്ടിയിടിച്ച് കൊല്ലപ്പെടുമായിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.