തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.എസ് ശ്രീധരന്‍പിള്ള; ‘ബിജെപിക്ക് സീറ്റു നേടാന്‍ കഴിയാതെ പോയതിനു പിന്നില്‍ ആർഎസ്എസ് ഇടപെടൽ

പ്രധാനമന്ത്രിയുടെ സത്യപ്രതിഞ്ജയ്ക്കു ശേഷം ചേരുന്ന തെരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ കേരളത്തിലെ സാഹചര്യവും വിശകലനം ചെയ്യും.

Last Modified വെള്ളി, 24 മെയ് 2019 (17:08 IST)
കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ പൂവണിഞ്ഞില്ല എന്നുള്ളത് വാസ്തവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്നു അഭിപ്രായമില്ല. കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്കു കഴിഞ്ഞുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രധാനമന്ത്രിയുടെ സത്യപ്രതിഞ്ജയ്ക്കു ശേഷം ചേരുന്ന തെരഞ്ഞെടുപ്പ് വിശകലന യോഗത്തില്‍ കേരളത്തിലെ സാഹചര്യവും വിശകലനം ചെയ്യും. എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും പിഎസ് ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ ബിജെപി നേതൃത്വത്തിനെതിരെ പരാതിയുമായി വി മുരളീധര പക്ഷവും യുവനേതാക്കളും പരാതിയുമായി രംഗത്തെത്തി. സംസ്ഥാന അധ്യക്ഷന്‍, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാണാവശ്യം. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, ദേശീയ എക്‌സിക്യൂട്ടീവ് അഗം എസ് സേതുമാധവന്‍ എന്നിവര്‍ക്കാണ് പരാതി കൈമാറിയത്. പത്തനംതിട്ടയില്‍ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം വൈകിക്കാന്‍ സംഘടനാ സെക്രട്ടറി എം. ഗണേശന്‍ ശ്രമിച്ചുവെന്ന് കത്തില്‍ വ്യക്തമാക്കുന്നു. പ്രസിഡന്റിന്റെ നിലപാട് മാറ്റങ്ങള്‍ പൊതുസമൂഹം സംശയത്തോടെ കണ്ടുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തോല്‍ക്കാനിടയാക്കിയത് ആര്‍.എസ്.എസിന്റെ ഇടപെടലാണെന്നാണ് ശ്രീധരന്‍പിള്ളയുടെ അഭിപ്രായം. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശബരിമല വിഷയം ഉള്‍പ്പെടെ പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും മുതലാക്കാന്‍ സാധിക്കാതെ പോയത് സംസ്ഥാന അധ്യക്ഷന്റെ കഴിവുകേടാണെന്ന നിലപാടാണ് മുരളീധരപക്ഷത്തിന്. ശബരിമലയുമായി ബന്ധപ്പെട്ട് ശ്രീധരന്‍പിള്ള അടയ്ക്കടി നിലപാട് മാറ്റിയത് ബി.ജെ.പിയുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.

പിള്ളയ്‌ക്കെതിരായ നീക്കത്തില്‍ മുരളീധരന് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ട്. അതു തിരിച്ചറിഞ്ഞാണ് പിള്ള ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും യഥാക്രമം കുമ്മനത്തെയും കെ. സുരേന്ദ്രനേയും നിര്‍ത്തേണ്ടി വന്നത് ആര്‍.എസ്.എസ് സമ്മര്‍ദ്ദം മൂലമാണെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.

ഇതില്‍ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ താന്‍ മത്സരിച്ചിരുന്നുവെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍കൂടി പിടിക്കാമെന്നാണ് പിള്ളയുടെ അവകാശവാദം. ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നും അമിത ഇടപെടലുണ്ടായെന്ന ആക്ഷേപം കൃഷ്ണദാസ് പക്ഷത്തിനുമുണ്ട്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ ഇത് വലിയ ഭിന്നതയ്ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :