സൌമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍; കീഴ്ക്കോടതികളില്‍ പ്രതികൂല വിധി ഉണ്ടായത് ഇമോഷണല്‍ ട്രയല്‍ മൂലമെന്നും ആളൂര്‍

സൌമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍

ന്യൂഡല്‍ഹി| Last Updated: വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (12:15 IST)
സൌമ്യ വധക്കേസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സൌമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അഡ്വ ബി എ ആളൂര്‍. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെട്ട വിധി കേട്ടതിനു ശേഷം സുപ്രീംകോടതിക്ക് പുറത്തെത്തിയ ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രയിനില്‍ അതിക്രമിച്ചു കയറി, ബലാത്സംഗക്കുറ്റം, തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു എന്ന കുറ്റങ്ങള്‍ക്കാണ് ഏഴുവര്‍ഷം ഗോവിന്ദച്ചാമിക്ക് തടവ് നല്കിയിരിക്കുന്നതെന്നും ആളൂര്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞതിനാല്‍ ഇനി രണ്ടു വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. എന്നാല്‍, ഗോവിന്ദച്ചാമിയുടെ സുരക്ഷയെ കരുതി അയാളെ കേരളത്തിന് പുറത്തെ ജയിലിലേക്ക് മാറ്റാന്‍ അപേക്ഷ നല്കുമെന്നും ആളൂര്‍ വ്യക്തമാക്കി.

അതേസമയം, സൌമ്യയ്ക്ക് നീതി കിട്ടിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍ വ്യക്തമാക്കി. സൌമ്യ നേരിട്ട ക്രൂരതയ്ക്ക് യഥാര്‍ത്ഥമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ വിഭാഗം കണ്ടെത്തിയിരുന്നെങ്കില്‍ ഇത്തരമൊരു വിധി ഉണ്ടാകുമായിരുന്നില്ല. സൌമ്യയ്ക്ക് നീതി കിട്ടുമായിരുന്നു. കൃത്രിമമായ തെളിവുകള്‍ക്ക് പകരം ശരിക്കുള്ള തെളിവുകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഇങ്ങനെയൊരു വിധി ഉണ്ടാകുമായിരുന്നില്ല.

കീഴ്ക്കോടതികളില്‍ അനുകൂല വിധിയുണ്ടായത് മാധ്യമ വിചാരണയ്ക്കൊപ്പം ഇമോഷണല്‍ ട്രയല്‍ കൂടി നടന്നതിനാലാണ്. എന്നാല്‍, കീഴ്ക്കോടതികളില്‍ ഗോവിന്ദച്ചാമിക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ ലഭിച്ചിരുന്നതെങ്കില്‍ അത് ഒരിക്കലും ചോദ്യം ചെയ്യില്ലായിരുന്നു എന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വധശിക്ഷ ഹൈക്കോടതിയും ശരി വെച്ചതിനാലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്.

സൌമ്യയ്ക്ക് നീതി കിട്ടിയില്ല. വിധി പ്രതിക്ക് അനുകൂലമായിട്ടാണ്. അതുകൊണ്ട്, കേരളജനത ഗോവിന്ദച്ചാമിയെ വെറുതെ വിടില്ല. ഇക്കാരണത്താല്‍ ഗോവിന്ദച്ചാമിയെ കേരളത്തിനു പുറത്തുള്ള ജയിലിലേക്ക് മാറ്റാന്‍ അപേക്ഷ നല്കുമെന്നും ആളൂര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :