വാര്‍ത്തകളുടെ ബഹളങ്ങളില്ലാത്ത ലോകത്തേക്ക് സനില്‍ ഫിലിപ്പ് യാത്രയായി

വാര്‍ത്തകളുടെ ബഹളങ്ങളില്ലാത്ത ലോകത്തേക്ക് സനില്‍ ഫിലിപ്പ് യാത്രയായി

കോട്ടയം| PRIYANKA| Last Updated: ബുധന്‍, 29 ജൂണ്‍ 2016 (11:05 IST)
വാര്‍ത്തകള്‍ക്കായി വിശ്രമമില്ലാതെ ഓടുന്നതിനിടയില്‍ സഹപ്രവര്‍ത്തകനുണ്ടായ അത്യാപത്തില്‍ പകച്ചു നില്‍ക്കുകയാണ് മാധ്യമ ലോകം. പുതിയ ചാനലിലെ ജോലി നല്‍കിയ സ്വപ്‌നങ്ങളുമായി സഞ്ചരിക്കവെ അപ്രതീക്ഷിതമായെത്തിയ അപകടം സനിലിന്റെ ജീവന്‍ കവര്‍ന്നെടുത്തു. മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ജൂണ്‍ 20ന് രാവിലെ കൊച്ചിയിലേക്ക് പോകുന്നതിനിടെ വണ്ടന്‍പതാല്‍ പത്തുസെന്റിനു സമീപമാണ് സനില്‍ സഞ്ചരിച്ചിരുന്ന ഓട്ടോ അപകടത്തില്‍പ്പെട്ടത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനിലിനുവേണ്ടി സഹപ്രവര്‍ത്തകര്‍ കൈകോര്‍ത്തെങ്കിലും വാര്‍ത്തകളുടെ ബഹളങ്ങളില്ലാത്ത ലോകത്തേക്ക് സനില്‍ യാത്രയായി.

കടുത്ത സാമ്പത്തിക പരാധീനതയുടെ നടുവില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തിയ സനിലിന്റെ റിപ്പോര്‍ട്ടുകള്‍ ഇല്ലാത്തവന്റെ ശബ്‌ദമായിരുന്നു. മലയാള വാര്‍ത്താ ലോകത്ത് കുറഞ്ഞകാലം കൊണ്ട് സ്വന്തം ഇടം അടയാളപ്പെടുത്താന്‍ സനിലിന് സാധിച്ചു. ശ്രദ്ധിക്കപ്പെടാതെ പോയ നൂറുകണക്കിന് സംഭവങ്ങള്‍ സനില്‍ പൊടിതട്ടിയെടുത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ ബി എ ചരിത്രവിദ്യാര്‍ത്ഥിയായിരിക്കെ കോളജ് യൂണിയന്‍ ചെയര്‍മാനായി. ബിരുദപഠനത്തിനു ശേഷം കോട്ടയം പ്രസ് ക്ലബ്ബില്‍ നിന്നം ജേണലിസത്തില്‍ പിജി ഡിപ്ലോമ പൂര്‍ത്തിയാക്കി. വിവിധ ദൃശ്യമാധ്യമങ്ങളിലായി ഡല്‍ഹി, കൊച്ചി, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തു.

കോട്ടയം നഗരപ്രാന്തത്തിലെ ഒരു സ്‌കൂളിലെ കുട്ടികളെ ഉപയോഗിച്ചുളള കഞ്ചാവ്‌ വില്‍പനയുടെ ഭീകരത ജനങ്ങളിലേക്ക് എത്തിച്ചത് വാര്‍ത്തകളോടുള്ള സനിലിന്റെ ജാഗ്രതയാണ്. വടവാതൂര്‍ സപ്ലൈകോയില്‍ പുലര്‍ച്ചെ ആരുമറിയാതെ പഴകിയ സാധനങ്ങള്‍ നശിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ഉറക്കം ഉപേക്ഷിച്ച് കാത്തിരുന്ന് അതിന്റെ ദൃശ്യങ്ങളടക്കം വെളിച്ചത്തു കൊണ്ടുവന്നതും സനിലിലെ റിപ്പോര്‍ട്ടറാണ്. സഹകരണബാങ്ക് തട്ടിപ്പ്, പാലായിലെ അനാഥമന്ദിരത്തിന് പിന്നിലെ ദുരൂഹതകള്‍, ഇങ്ങനെ പല സംഭവങ്ങളുടെയും പുറകെ നിരന്തരം യാത്രചെയ്തു സനില്‍ ഫിലിപ്പ്,

മറ്റുള്ളവരുടെ വേദനകള്‍ക്കൊപ്പം ക്യാമറ കണ്ണുകളുമായി സഞ്ചരിക്കുന്നതിനിടയിലും സ്വാഭാവിക നര്‍മ്മം വിതറി സൃഹൃത്ത് സംഘത്തെ ചിരിപ്പിച്ചുകൊണ്ടേയിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച മുന്‍മന്ത്രി പി ജെ ജോസഫിനോട് മലയാളം ചോദ്യം ചോദിച്ച് ഫ്ലോ കളഞ്ഞ സനില്‍, രംഗത്ത് വരാതെ തന്നെ മലയാളികളെയാകെ ചിരിപ്പിച്ചു. ഒടുവില്‍ സഹപ്രവര്‍ത്തകരെയും വാര്‍ത്താ ലോകത്തെയും കണ്ണീരിലാക്കി ഒന്നും പറയാതെ സനില്‍ വാര്‍ത്തകളില്ലാത്ത ലോകത്തേക്ക് മടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :