കോഴവാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്ക് യുഡിഎഫ് ഒത്താശ ചെയ്‌തു; സ്വാശ്രയ പ്രശ്‌നത്തില്‍ നിലപാടിലുറച്ചും യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി - പരിഹാസശരമേറ്റ് യുഡിഎഫ്

 pinarayi vijayan , youth congress , UDF strike , college , udf , യുഡിഎഫ് സര്‍ക്കാര്‍ , സ്വാശ്രയ പ്രശ്‌നം , യുഡിഎഫ്  , സ്വാശ്രയ പ്രശ്‌നം , വിദ്യാര്‍ഥികള്‍ , നിയമസഭ
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (15:56 IST)
സ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചും നിലപാടിലുറച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ കോഴ വാങ്ങുന്ന മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്‌തു കൊടുത്തിരുന്നു. ഇനി കോഴ വാങ്ങാന്‍ സാധിക്കാത്തതിലുള്ള നിരാശ മൂലമാണ് ഇപ്പോള്‍ സമരം നടത്തുന്നത്. മിക്ക സ്വാശ്രയ കോളേജുകളിലും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ 25,000 രൂപയാക്കി കുറയ്‌ക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാധാരണക്കാരുടെ ഫീസ് 8 ലക്ഷത്തിന് പകരം 2.5 ലക്ഷമാക്കി കുറയ്‌ക്കാനും സാധിച്ചു.
അംഗീകരിച്ച ഫീസില്‍ നിന്നും ഒരു രൂപ പോലും കൂടുതല്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ താത്‌പ്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. പൊതു സമൂഹം അംഗീകരിക്കാത്ത സമരമാണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പണത്തിന്റെ ബലത്തിൽ പ്രവേശനം കിട്ടുന്ന സ്ഥിതി ഈ സര്‍ക്കാര്‍ ഒഴിവാക്കി. കുറഞ്ഞ ഫീസിൽ കൂടുതൽ കുട്ടികൾക്കു പഠിക്കാനാകും. ഇരുപതോളം സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ സർക്കാരുമായി കരാർ ഒപ്പിടാൻ തയാറായിട്ടുണ്ട്. ഇത് യുഡിഎഫിന്റെ കാലത്ത് കഴിയാതിരുന്നതാണ്.

തന്നെ കരിങ്കൊടി കാണിച്ചത് ചാനല്‍ വാടകയ്‌ക്കെടുത്തവരാണെന്നത് തന്റെ തോന്നല്‍ മാത്രമാണ്. മറിച്ചാണ് അഭിപ്രായമെങ്കില്‍ അത് അംഗീകരിക്കുന്നു. നിലവിലെ ഫീസ് ഘടനയില്‍ സര്‍ക്കാര്‍ യാതൊരു മാറ്റവും വരുത്തില്ല. സമരപന്തലിലേക്ക് പൊലീസ് ഒരു ആക്രമണവും നടത്തിയിട്ടില്ല. സമരനേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പൊലീസ് തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :