തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (11:14 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ സിനിമ രംഗത്തുള്ളവരെ കളത്തിലിറങ്ങി കളം പിടിക്കാന്‍ ബിജെപിയും. നടനും സംവിധാനയകനുമായ രാജസേനനും കൊല്ലം തുളസിയുമാണ് ബിജെപിയുടെ പട്ടികയില്‍ ഇടം നേടിയത്.
രാജസേനൻ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിൽ നിന്നും ജനവിധി തേടും. കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽനിന്നാണ് ഇരുവരും മൽസരിക്കുന്നത്.
അതേസമയം തന്നെ മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ സ്ഥാനാർഥിയാക്കാനും ബി ജെ പി ശ്രമം ആരംഭിച്ചു.
പാർട്ടിക്കു വേണ്ടി മൽസരിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ശ്രീശാന്തിന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സന്ദേശമെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാളെ എത്തുന്ന അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മുംബൈയിലുള്ള ശ്രീശാന്ത് നാളെ തിരുവനന്തപുരത്ത് എത്തിയേക്കുമെന്നാണ് സൂചന.
മൽസരിക്കുന്നതിനു ശ്രീശാന്ത് വിസമ്മതം അറിയിച്ചിട്ടില്ലയെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കുടുംബാംഗങ്ങളുമായി ആലോചിച്ചതിനുശേഷം മറുപടി നൽകാമെന്നാണ് ശ്രീശാന്ത് ബി ജെ പി നേതൃത്വത്തെ അറിയിച്ചത്. എറണാകുളം, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലൊന്നിൽ ശ്രീശാന്തിനെ മൽസരിപ്പിക്കാൻ ബി ജെ പി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടേക്കും. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയുടെ അച്ഛൻ ഹിരേന്ദ്ര സിങ് ഷെഖാവത്തിന് മധ്യപ്രദേശിലെ ബി ജെ പി നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.
പ്രമുഖ പാർട്ടികൾക്കെല്ലാം തന്നെ ചലച്ചിത്ര താരങ്ങൾ സ്ഥാനാർഥികളായുണ്ട്. കോൺഗ്രസിനുവേണ്ടി ജഗദീഷും സിദ്ധിഖും മൽസരിക്കുമെന്നും ഇടതുമുന്നണി സ്ഥാനാർഥികളായി മുകേഷും അശോകനും എത്തിയേക്കുമെന്നാണ് വാർത്തകൾ. ഇവരുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രാഥമിക ധാരണയായെന്നാണ് സൂചനകൾ.