തിരുവനന്തപുരം|
VISHNU|
Last Updated:
ശനി, 3 ജനുവരി 2015 (13:22 IST)
പുതുക്കിയ മദ്യ നയം മൂലം ഏറ്റവുകൂടുതല്‍ തിരിച്ചടിയുണ്ടായത് ബാറുകള്‍ക്കും കുടിയന്മാര്‍ക്കും മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി. മദ്യനയം തിരിച്ചടിയുണ്ടാക്കാന്‍ പോകുന്നത് കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേന്റെ വരുമാനത്തിലാണ്. ടൂറിസ്റ്റുകള്‍ വരുന്നത് കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന കുറവാണെന്നു കരുതിയതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സര്‍ക്കാര്‍ മദ്യ നയം പുതുക്കിയപ്പോള്‍ കെടിഡിസിയുടെ വയറ്റത്തടിക്കുന്ന ഒരു തീരുമാനം കൂടി എടുത്തു, ബാറുകള്‍ക്ക് പകരം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കും എന്നത്.
ഇതില്‍പരം കൊലച്ചതി വരാനുണ്ടൊ. നാടു മുഴുവന്‍ ബിയര്‍ പാര്‍ലറുകള്‍ തുറന്നാല്‍ കച്ചവടം കുറഞ്ഞ് പൂട്ടിപ്പോകാന്‍ തുടങ്ങുന്നത് കെടിഡിസിയുടെ ബിയര്‍ പാര്‍ലറുകളാണ്. നാടുനീളെ പുതുപ്പണക്കാര്‍ ബിയര്‍ പാര്‍ലറുകള്‍ ബാറുകള്‍ പോലെ തുടങ്ങിയാല്‍ ആരെങ്കിലും കെടിഡിസിയുടെ പാര്‍ലറില്‍ വരുമോ. ഇല്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്നപോലെ വരാന്‍ പോകുന്ന തിരിച്ചടി മാനത്ത് കണ്ട് കെടിഡിസി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ഇനി ആരുവന്ന് ബിയറ് ചോദിച്ചാലും ടച്ചിംഗ്സിനായി കടല ഫ്രീയായി കൊടുക്കാനാണ് കെടിഡിസിയുടെ തീരുമാനം! സംഗതി അറിയിച്ചുകൊണ്ട് കെടിഡിസി സര്‍ക്കുലറും എല്ലായിടത്തും എത്തിക്കഴിഞ്ഞു. ഒരുകുപ്പിക്കൊപ്പം 50 ഗ്രാം കടല സൗജന്യമായി കൊടുക്കാനാണ് തീരുമാനം.
വരുമാനം ഇത്തിരി കുറഞ്ഞാലും വേണ്ടില്ല ബിയറിന്റെ വില കുറച്ച് ആളെ കൂട്ടാനും കെടിഡിസി തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. 150 രൂപയുടെ കെ.എഫ്. ഗോള്‍ഡിന് 120 രൂപയാക്കി കുറച്ചിട്ടിണ്ട്. 140 രൂപയുടെ കെ.എഫ്. ബ്ലൂവിന് 20 രൂപ കുറച്ചു. സ്‌ട്രോങ് ബിയറിന് 30 രൂപയാണ് കുറച്ചത്. കൂടുതല്‍ വിറ്റഴിയുന്ന യു.ബി. ഗ്രൂപ്പിന്റെ എല്ലാ ബിയറുകള്‍ക്കും വില കുറച്ചിട്ടുണ്ട്. ബിയര്‍ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് കെടിഡിസിയുടെ ലാഭത്തില്‍ മുഖ്യപങ്കും വഹിക്കുന്നത്.
സ്വകാര്യ ബിയര്‍പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളോട് പിടിച്ചുനില്‍ക്കാന്‍ വില കുത്തനെ കുറയ്‌ക്കേണ്ടിവന്നിരിക്കുകയാണെന്നാണ് കെടിഡിസി എംഡിയുടെ സര്‍ക്കുലറില്‍ പറയുന്നത്. ബിയറിനു പുറമേ വൈനിന്റെ വിലയും കുറച്ചിട്ടുണ്ട്. 180 എം.എല്‍. വിനോ ഡി ഗോവ എന്ന വൈനിന്റെ വില 140 രൂപയില്‍നിന്ന് 120 ആയാണ് കുറച്ചത്. കെടിഡിസി യുടെ സംസ്ഥാനത്തെ പാര്‍ലറുകളില്‍ നിന്നായി കോടികളുടെ വരുമാനമാണ് കെടിഡിസിക്കു ലഭിക്കുനത്.