അതിരമ്പുഴ കൊലയ്ക്ക് പിന്നില്‍ പെട്ടെന്നുള്ള പ്രകോപനം?

അതിരമ്പുഴ കൊലയ്ക്ക് പിന്നില്‍ പെട്ടെന്നുള്ള പ്രകോപനമാകാമെന്ന് പൊലീസ്

കോട്ടയം| priyanka| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (15:03 IST)
ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ കൊല പെട്ടെന്നുള്ള പ്രകോപനം മൂലമാകാമെന്ന് പൊലീസ്. ക്രിമിനല്‍ സ്വഭാവമുള്ള ഒന്നിലധികം ആളുകള്‍ സംഭവത്തിനു പിന്നിലുണ്ടെന്നും പൊലീസ് ഉറപ്പിക്കുന്നു. മരണത്തിന് കാരണമായ മുറിവുകളും പരിക്കുകളും മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തിന്റെ പ്രത്യേകതകളുമാണ് ഈ നിഗമനത്തിലെത്താന്‍ കാരണം.

അവിഹിത ഗര്‍ഭത്തെ ചൊല്ലിയുള്ള തര്‍ക്കമാകാം കൊലപാതകത്തിനു കാരണമെന്നും പൊലീസ് സംശയിക്കുന്നു. തലയ്ക്ക് പിന്നിലേറ്റ ചതവാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. മൂര്‍ച്ചകുറഞ്ഞ ആയുധം കൊണ്ട് അടിക്കുമ്പോഴോ, ഭിത്തിയില്‍ ചേര്‍ത്ത് ഇടിയ്ക്കുമ്പോഴോ ഉണ്ടാകുന്ന മുറിവാണിത്. ബലപ്രയോഗത്തെ തുടര്‍ന്നുണ്ടായ പോറലുകളും പാടുകളും മൃതദേഹത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

യുവതിയുടെ മുഖത്തു പിടിച്ചു തല ഭിത്തിയില്‍ ഇടച്ചതിനാലാവാം കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തില്‍ കൊല്ലപ്പെട്ടതിനാലാവാം മൃതദേഹം ഉപേക്ഷിക്കാന്‍ പ്രതി തീരുമാനിച്ചത്. പുതപ്പിലും പോളിത്തീന്‍ കവറിലും നന്നായി പൊതിഞ്ഞുകെട്ടിയാണു മൃതദേഹം ഉപേക്ഷിച്ചിരിക്കുന്നത്. മൃതദേഹം പൊതിഞ്ഞുകെട്ടിയ രീതിയും ശരീരത്തിലെ മുറിവുകളും ക്രിമിനല്‍ സ്വഭാവമുള്ള ഒന്നലധികം ആളുകളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു. മൃതദേഹം ഉപേക്ഷിക്കാനെത്തിയ സംഘം അസ്വഭാവികമായ എന്തെങ്കിലും കണ്ടതിനാലാവാം റോഡരികില്‍ ഉപേക്ഷിച്ചതെന്നും പൊലീസ് കരുതുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :