കൊച്ചി|
സജിത്ത്|
Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (14:07 IST)
സംസ്ഥാന ലോകായുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കളമശേരി, പാറ്റൂര്‍ ഭൂമി തട്ടിപ്പുകേസുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 14 കേസുകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടാംസ്ഥാനത്തുണ്ട്. മന്ത്രി പികെ അബ്ദുറബ്ബിന്റെ പേരിലുള്ളത് 11 കേസ്. 2016 ഫെബ്രുവരി 20 വരെ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെയുളള 51 പരാതികളിലാണ് തീര്‍പ്പ് കല്‍പ്പിച്ചതെന്നും വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രിസഭ അധികാരമേറ്റതു മുതല്‍ 2016 ഫെബ്രുവരി വരെയുളള വിവരങ്ങളാണ് വിവരാവകാശം വഴി ലഭിച്ചത്.
ചില കേസുകളില്‍ ഒന്നിലധികം മന്ത്രിമാര്‍ എതിര്‍ കക്ഷികളാകാറുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിസഭയില്‍ 19 മന്ത്രിമാര്‍ക്കെതിരെ 141 കേസാണ് ലോകായുക്ത എടുത്തതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കക്ഷിയായുള്ള പരാതികളുടെ പ്രത്യേക രജിസ്റ്റര്‍ കാര്യാലയത്തില്‍ സൂക്ഷിക്കുന്നില്ലെന്നും ഫയലിംഗ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തതായി കണ്ട പരാതികളുടെ എണ്ണമാണ് നല്‍കിയിരിക്കുന്നതെന്നും ലോകായുക്ത വ്യക്തമാക്കുന്നു.
മറ്റ് മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഇപ്രകാരം: കെപി മോഹനന്‍-അഞ്ച്, അടൂര്‍ പ്രകാശ്-എട്ട്, മഞ്ഞളാംകുഴി അലി-എട്ട്, ആര്യാടന്‍ മുഹമ്മദ്-ഒന്ന്, സിഎന്‍ ബാലകൃഷ്ണന്‍-ആറ്, പിജെ ജോസഫ്-ആറ്, വിഎസ് ശിവകുമാര്‍-പത്ത്, വികെ ഇബ്രാഹിംകുഞ്ഞ്-എട്ട്, കെസി ജോസഫ്-രണ്ട്, കെഎം മാണി-എട്ട്, അനൂപ് ജേക്കബ്-രണ്ട്, പികെ കുഞ്ഞാലിക്കുട്ടി-രണ്ട്, രമേശ് ചെന്നിത്തല-ഒന്‍പത്, എംകെ മുനീര്‍-മൂന്ന്, കെബാബു-ആറ്, ഷിബു ബേബി ജോണ്‍-ഒന്ന്. ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ കക്ഷികളായി വരുന്ന പരാതികള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല.