കൊച്ചി|
Sajith|
Last Updated:
ചൊവ്വ, 1 മാര്‍ച്ച് 2016 (17:00 IST)
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ ആക്ഷേപകരമായ ഫേസ്‌ബുക്ക് പരാമര്‍ശത്തില്‍ കോടതിയലക്ഷ്യക്കേസിൽ മന്ത്രി കെ സി ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. വിശദാംശങ്ങളടങ്ങിയ സത്യവാങ്ങ്മൂലം വീണ്ടും സമർപ്പിക്കണമെന്ന് കോടതി അറിയിച്ചു.
മാപ്പു പറയേണ്ടത് ജനങ്ങളോടാണെന്നും ജനപ്രതിനിധികള്‍ ഭാവി തലമുറയ്ക്ക് സന്ദേശമാകണമെന്നും കോടതി നിരീക്ഷിച്ചു. ഈ കേസ് മാർച്ച് പത്തിനു ഹൈക്കോടതി വീണ്ടും പരിഗണിക്കും. മാർച്ച് പത്തിന് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന മന്ത്രിയുടെ അപേക്ഷയും കോടതി തള്ളി.
മന്ത്രിയുടെ മാപ്പപേക്ഷ പൊതുജനങ്ങളിലെത്തണം. ഫേസ്‌ബുക്കില്‍ മാപ്പപേക്ഷിക്കാൻ തയ്യാറാണെന്നു മന്ത്രിയുടെ അഭിഭാഷകൻ പറഞ്ഞു. എന്തു ചെയ്യണമെന്നു കോടതി പറയുന്നില്ലെന്നും എന്നാൽ കെ സി ജോസഫ് സ്വീകരിക്കുന്ന മാർഗ്ഗം തൃപ്തികരമാണോ എന്നു പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിൽ നേരിട്ടെത്തിയായിരുന്നു കോടതിയലക്ഷ്യക്കേസിൽ മന്ത്രി കെ സി ജോസഫ് മാപ്പു പറഞ്ഞത്. എന്നാൽ കുറ്റം അംഗീകരിച്ചാൽ മാത്രമേ മാപ്പിന് അർഹതയുള്ളൂവെന്ന് എതിർഭാഗം വാദിച്ചു. സത്യവാങ്ങ്മൂലത്തിൽ പോലും താൻ ചെയ്ത കുറ്റം അംഗീകരിക്കാൻ കെ സി തയാറായിട്ടില്ലെന്നും പരാതിക്കാരനായ വി ശിവൻകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ശിവൻകുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ സി ജോസഫ് കോടതിയിൽ വ്യക്തമാക്കിയത്.