കൊച്ചി|
JOYS JOY|
Last Modified തിങ്കള്‍, 9 നവംബര്‍ 2015 (16:08 IST)
ബാര്‍കോഴ കേസില്‍ ഹൈക്കോടതിയും കൈവിട്ട സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണിയുടെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു. വിവിധ സ്ഥലങ്ങളിലായിരിക്കുന്ന നേതാക്കള്‍ തമ്മില്‍ ടെലഫോണ്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും കൊച്ചിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുംബൈയിലാണ്.
മാണിയുടെ രാജിക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തോ എറണാകുളത്തോ യു ഡി എഫ് നേതൃയോഗം ചേരും. ഈ യോഗത്തിലായിരിക്കും മാണിയുടെ രാജി എന്നു വേണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുക. ഇന്നോ നാളെയോ മാണിയുടെ രാജി ഉണ്ടാകുന്ന തരത്തിലുള്ള തീരുമാനമായിരിക്കും ഇന്ന് ഉരുത്തിരിയുക.
അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷന്‍ സുധീരന്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. കെ പി സി സി അധ്യക്ഷന്‍ മുഖ്യമന്ത്രിയോട് മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
യു ഡി എഫ് നേതൃയോഗം ഇന്ന് വൈകുന്നേരം എറണാകുളത്ത് വെച്ചോ നാളെ രാവിലെ തിരുവനന്തപുരത്ത് വെച്ചോ ചേര്‍ന്നേക്കും. ലീഗ് നേതാക്കള്‍ക്ക് എത്തിച്ചേരാനുള്ള സൌകര്യം കൂടി പരിഗണിച്ചാണ് ഇന്ന് വൈകുന്നേരം എറണാകുളത്ത് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍, മുംബൈയിലുള്ള ആഭ്യന്തരമന്ത്രിയും ബംഗളൂരുവിലുള്ള യു ഡി എഫ് കണ്‍വീനറും തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രിയും സുധീരനും എറണാകുളത്തെത്തും.
അല്ലെങ്കില്‍ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വെച്ചായിരിക്കും യോഗം ചേരുക. നേതാക്കള്‍ എല്ലാവരും ഇതിനായി ഇന്നു രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. കെ എം മാണി എറണാകുളത്ത് മകളുടെ വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഇതിനിടെ, മാണിയോട് രാജി ആര് ആര് ആവശ്യപ്പെടുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. യു ഡി എഫ് ഒരുമിച്ച് രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.