ഇത്തവണത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് കൂടുതല്‍ സൗകര്യം ഒരുക്കും; ബലിതര്‍പ്പണത്തിനുള്ള ഫീസ് 70 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ജൂലൈ 2024 (09:02 IST)
ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിപുലമായക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങള്‍ വിളിച്ചു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കര്‍ക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ ഘട്ട യോഗം ജൂലൈ ഒന്നിന് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്നു. രണ്ടാമത്തെ യോഗം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടത്തി. പ്രധാന ആറുകേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വിപുലമായ യോഗമാണ് തിരുവല്ലത്ത് നടന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഐ.പി.എസ്, തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം, കൊല്ലം ജില്ലാ കളക്ടര്‍ ദേവീദാസ് ഐ.എ.എസ്, എറണാകുളം ജില്ലാ ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ എന്നിവരും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ആ യോഗത്തില്‍ പങ്കെടുത്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍സിന്റെ 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വര്‍ക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്. ഈ പ്രധാന കേന്ദ്രങ്ങളുള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും പുരോഹിതന്മാരെ നിയോഗിക്കുന്നതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നും ഇതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്തുകഴിഞ്ഞു.

ശംഖുമുഖത്ത് ബലിതര്‍പ്പണം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിശ്ചിയിച്ചിരിക്കുന്ന ഫീസ്. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താത്കാലിക പന്തല്‍ നിര്‍മ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തര്‍പ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോര്‍ഡ് തലത്തില്‍ ഒരോ സ്ഥലത്തും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതാണ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചു.

കര്‍ക്കിടകവാവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് കൂടുതല്‍ ലൈഫ് ഗാര്‍ഡിനെ നിയോഗിക്കുവാനും തീരുമാനം എടുത്തതായും തിരുവനന്തപുരം നഗരസഭ പരിധിയില്‍ ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് നഗരസഭ തിരുവല്ലത്ത് നടന്ന യോഗത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. നഗരസഭ പരിധിയില്‍ ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റിടങ്ങളില്‍ ബലിതര്‍പ്പണം നടത്തുന്നതിനാവശ്യമായ അനുമതികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാലേകൂട്ടി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയര്‍ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തുന്നതാണ്.

തിരുവല്ലം, വര്‍ക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അവിടങ്ങളിലെ ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള അവലോകന യോഗങ്ങളും ചേര്‍ന്നിട്ടുണ്ട്.

ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോര്‍ഡ് നിയമിക്കും. ബലിക്ക് ആവശ്യമായ സാധനങ്ങള്‍ അതാത് ദേവസ്വങ്ങളില്‍ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിംഗിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :