ജിഷ വധക്കേസ്: പുതിയ സര്‍ക്കാരിനെ ആശങ്കയോടെ നോക്കി പൊലീസ്; പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല

ജിഷ വധക്കേസ്: പുതിയ സര്‍ക്കാരിനെ ആശങ്കയോടെ നോക്കി പൊലീസ്; പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 24 മെയ് 2016 (09:20 IST)
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ മാറി വരുന്നത് ആശങ്കയോടെയും ഭയത്തോടെയും നോക്കി കാണുകയാണ് ജിഷ കൊലക്കേസ് അന്വേഷിക്കുന്ന സംഘം. സംഭവം നടന്നിട്ട് ഒരു മാസമാകാന്‍ ഇനി ഏതാനും
ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പക്ഷേ, സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനോ എന്തെങ്കിലും തുമ്പ് കണ്ടെത്താനോ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ആഭ്യന്തരമന്ത്രിയാകുക. അതുകൊണ്ട് തന്നെ അന്വേഷണം സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും. അന്വേഷണം ലക്‌ഷ്യത്തോട് അടുക്കുകയാണെന്നും ശരിയായ ദിശയിലാണെന്നും വരുത്താനാണ് പൊലീസ് ശ്രമം. എന്നാല്‍, നിയുക്ത മന്ത്രിസഭയിലെ വനിത അംഗങ്ങളും വി എസ് അച്യുതാനന്ദനും ജിഷ കേസിന് ഊന്നല്‍ നല്കിയിട്ടുണ്ട്. ഇതും അന്വേഷണസംഘത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്.

ജിഷ കൊലക്കേസിന്റെ തുടക്കത്തില്‍
ഇഴഞ്ഞതിനു പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന ആരോപണം ശക്തമാണ്. ജിഷ കൊല്ലപ്പെട്ട് നാലുദിവസത്തിന് ശേഷമാണ് പൊലീസ് ഉണര്‍ന്നത്. അതുവരെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പെരുമ്പാവൂര്‍ ഡി വൈ എസ് പിയെ മാറ്റാനും അന്വേഷണസംഘം വിപുലപ്പെടുത്താനും പൊലീസ് തയ്യാറായത് പ്രതിഷേധം ശക്തമായപ്പോള്‍ മാത്രമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :