തൊടുപുഴ|
vishnu|
Last Modified തിങ്കള്‍, 5 ജനുവരി 2015 (10:39 IST)
ഡിസിസി പ്രസിഡന്റ് റോയ് കെ. പൌലോസ്, മുന്‍ എംപി പിടി തോമസ് എന്നിവരുടെ അനുകൂലികളായ കെഎസ്‌യു നേതാക്കള്‍ തമ്മില്‍ നടത്തുന്ന ചക്കളത്തിപ്പോര്‍ ശമിപ്പിക്കാന്‍ എന്‍എസ്‌യു നേതൃത്വം ഇടപെടുന്നു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ജനപക്ഷയാത്ര ജില്ലയില്‍ സമാപിച്ചതിന് പിന്നാലെ നടന്ന ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങള്‍ കയ്യാങ്കളിയിലേക്കും അക്രമങ്ങളിലേക്കും തിരിഞ്ഞതിനേതുടര്‍ന്നാണ് ദേശീയ നേതൃത്വം ഇടപെടുന്നത്.
പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും കാര്യമായ ഇടപെടല്‍ നടത്താത്ത സാഹചര്യത്തിലാണ് എന്‍എസ്‌യുവിന്റെ ഇടപെടല്‍. എന്‍എസ്‌യു നേതാക്കളായ ടിജിന്‍ ജോസഫ്, അഭിലാഷ് ചിതറ എന്നിവര്‍ ബുധനാഴ്ച എന്‍എസ്‌യു പ്രവര്‍ത്തകരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.
ഇടുക്കിയിലെ ചേരിപ്പോര് തെരുവിലെത്തിയത് പുതുവത്സരത്തലേന്നാണ്. അന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയുടെ മുന്നിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പിടി തോമസ് പക്ഷക്കാരായ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. അതിനു പിന്നാലെ ഇവരിലൊരാളുടെ ബൈക്ക് എതിര്‍പക്ഷം കത്തിച്ചു. ഇതിനു സാക്ഷി പറഞ്ഞ വിദ്യാര്‍ത്ഥിയെ കാണാതായി. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനേ തുടര്‍ന്ന് നാടകീയമായി വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ഡിസിസി പ്രസിഡന്റിനെതിരെ മൊഴി നല്‍കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോയതായാണ് വിവരം.