‘സിഗരറ്റ് തന്നില്ലെങ്കിൽ കടിക്കും’ - പൊലീസുകാർക്ക് തലവേദനയായി എച്ച്ഐവി ബാധിതനായ തടവുകാരൻ

പോലീസുകാരെ ആക്രമിച്ച കേസിൽ നിലവില്‍ റിമാൻഡിൽ കഴിയുന്ന പ്രതി ജയിൽ ജീവനക്കാർക്കും തലവേദനയാണ്.

Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (11:16 IST)
ജയിലില്‍ പോലീസുകാര്‍ക്ക് തലവേദനയായി എച്ച്ഐവി ബാധിതനായ തടവുകാരൻ. കൊലപാതകവും ക‍ഞ്ചാവ് കേസുമുള്‍പ്പെടെ നിരവധി കേസിൽ പ്രതിയായ തടവുകാരൻ സിറ്റിയിലെ പോലീസുകാരെ കുറെ നാളായി സമ്മർദ്ദത്തിലാക്കുകയാണ്. ഈ വ്യക്തിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചില പോലീസുകാരെ ഡിജിപി തന്നെ ഇടപെട്ട് വിദ്ഗദ ചികിത്സക്കായി അയച്ചു. മാത്രമല്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോള്‍ സിഗററ്റ് വാങ്ങി നൽകാത്തതിന് പ്രതി ഓടി രക്ഷപ്പെടാനും ശ്രമിക്കുകയുണ്ടായി.

പോലീസുകാരെ ആക്രമിച്ച കേസിൽ നിലവില്‍ റിമാൻഡിൽ കഴിയുന്ന പ്രതി ജയിൽ ജീവനക്കാർക്കും തലവേദനയാണ്. റിമാൻഡ് കാലാവധി നീട്ടാനായി കഴിഞ്ഞ ദിവസം പ്രതിയെ എആർ ക്യാമ്പിലെ പോലീസുകാർ വ‍ഞ്ചിയൂർ കോടതിയിലെത്തിച്ചപ്പോള്‍ പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുറത്തുവന്നപ്പോള്‍ സിഗരറ്റ് വാങ്ങി നൽകാത്തിനായിരുന്നു പോലീസുകാരോട് ഭീഷണി, ഇറങ്ങിയോടാനും പ്രതി ശ്രമിച്ചു. പിന്നാലെ പിടിക്കാൻ ചെന്ന പോലീസുകാരെ ഭീഷണിപ്പെടുത്തി. പോലീസ് തന്നെ പിടിക്കാൻ ശ്രമിച്ചാല്‍ കടിച്ച് പരിക്കേൽപ്പിക്കും, അല്ലെങ്കില്‍ കൈമുറിച്ച് രക്തം മറ്റുള്ളവരുടെ ശരീരത്തിലൊഴിക്കും എന്നെല്ലാം ആയിരുന്നു പ്രതിയുടെ ഭീഷണി. ഈ വ്യക്തിയുടെ സ്വഭാവമറിയാവുന്നതിനാൽ പോലീസുകാരും പ്രത്യേകിച്ചൊന്നും ചെയ്യാനാകാതെ മാറിനിന്നു. അവസാനം കൂടുതൽ പൊലീസെത്തി അനുനയിപ്പിച്ചാണ് ഇയാളെ ജയിലേക്ക് കൊണ്ടുപോയത്.

ഇതുപോലുള്ള തടവുകാരെ ജയിലിൽ നിന്നും വീഡിയോ കോണ്‍ഫറൻസ് വഴി വിസ്തരിക്കണമെന്ന പോലീസിന്‍റെ ആവശ്യം ഇത് വരെ ജയിൽവകുപ്പ് നടപ്പാക്കിയിട്ടില്ല. വിഷയത്തില്‍ അടിയന്തിര ഇടപെടൽ പോലീസ് അസോസിയേഷനും ആവശ്യപ്പെട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :