കോട്ടയം|
jibin|
Last Updated:
ശനി, 20 ജൂണ്‍ 2015 (14:08 IST)
സ്റൈപെന്റ് വര്‍ധന ഉള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളിലെ ഹൌസ് സര്‍ജന്‍മാര്‍ ഇന്നു പണിമുടക്കുന്നു. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം എന്നിവിടങ്ങളി ഡ്യൂട്ടിയുള്ള ഡോക്ടര്‍മാരെ ഒഴിവാക്കിയാണ് സൂചനാപണിമുടക്ക് നടത്തുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി നല്‍കിവരുന്ന സ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, ഡ്യൂട്ടി സമയം കുറയ്ക്കുക, ന്യായമായ ലീവ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സംസ്ഥാന വ്യാപകമായി ഹൌസ് സര്‍ജന്‍മാര്‍ സമരം നടത്തുന്നത്. സൂചന എന്ന നിലയ്ക്കാണു സമരം. 48 മണിക്കൂര്‍ മുതല്‍ 92 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ ഡ്യൂട്ടി നോക്കുന്ന തങ്ങള്‍ക്ക് വര്‍ഷത്തില്‍ 20 ലീവ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
നിലവിലെ ജീവിത സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനു മുന്‍പ് വര്‍ധിപ്പിച്ച സ്റൈപ്പന്‍ഡ് അപര്യാപതമാണെന്നും ഹൌസ് സര്‍ജന്‍മാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം വന്നില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. സമീര്‍ പറഞ്ഞു.