കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 നവംബര്‍ 2023 (12:14 IST)
പ്രായമൊരു പ്രശ്നമല്ല, 95ാം വയസ്സിലും അധ്വാനിക്കാനുള്ള മനസ്സുണ്ട് ഈ മുത്തശ്ശിക്ക്. സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനാണ് ഇപ്പോഴും ഇഷ്ടം. പാട്ടും പാടി ലോട്ടറി വില്പന നടത്തുന്ന മുത്തശ്ശിയാണ് സോഷ്യൽ മീഡിയയിലെ താരം. ഒട്ടും മടിയില്ലാതെ ഇഷ്ടത്തോടെ പാട്ടും പാടി തന്റെ ജോലി ചെയ്യുകയാണ് എറണാകുളം ജില്ലയിലെ അരയൻകാവിലുളള ഈ മുത്തശ്ശി. പാട്ടുകളെല്ലാം കുട്ടിക്കാലത്ത് പഠിച്ചതാണ്. കയ്യിൽ ആകട്ടെ വിവിധ ഭാഷകളിലുള്ള പാട്ടുകൾ ഉണ്ട്.
ലോട്ടറി വില്പന സമയത്ത് ഓരോ പാട്ടുകളായി മുത്തശ്ശി പാടും. തൻ്റെ 45ാമത്തെ വയസ്സിൽ ഭർത്താവ് മരിച്ചതാണെന്നും പലതരത്തിലുള്ള കച്ചവടങ്ങൾ ചെയ്താണ് ഇതുവരെയും ജീവിച്ചതെന്നും മുത്തശ്ശി പറയുന്നു. ലോട്ടറി വിൽക്കാൻ പോകുന്നത് മക്കൾക്ക് ആർക്കും ഇഷ്ടമല്ലെന്നും മുത്തശ്ശി പറയുന്നുണ്ട്.പക്ഷേ എനിക്ക് നടക്കാൻ വേണ്ടി, 10 രൂപ ആരോടും ചോദിക്കാതിരിക്കാൻ വേണ്ടി, നടക്കാവുന്ന കാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേണ്ടിയാണ് ലോട്ടറി കച്ചവടം എന്നും കൂടി അവർ പറഞ്ഞു.
നേരത്തെ കൂടുതൽ ലോട്ടറികൾ എടുക്കുമായിരുന്നു എന്നും ഇപ്പോൾ 36 ലോട്ടറിയാണ് എടുക്കുന്നതെന്നും ഓട്ടോയ്ക്ക് പോവാനും വരാനുമായി 100 രൂപ ചിലവുണ്ടെന്നും മുത്തശ്ശി പറഞ്ഞു.