കൊച്ചി|
aparna shaji|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (08:25 IST)
ബാഡ്മിന്റൺ പി ഗോപിചന്ദിന്റെ മേൽനോട്ടത്തിൽ കൊച്ചിയിൽ ബാഡ്മിന്റൻ അക്കാദമി ആരംഭിക്കുന്നു. ഒളിമ്പിക്സ് മുന്നിൽ കണ്ട് കേരളത്തിൽനിന്നും മികച്ച ദേശീയ താരങ്ങളെ വളർത്തിയെടുക്കുകയെന്നതാണ് ഉദ്ദേശം. കേരളത്തിനായി പ്രവർത്തിക്കാൻ തയാറെന്നു ഗോപിചന്ദ് സംസ്ഥാന സർക്കാരിനെ അറിയിച്ചതായി ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് എസ്. മുരളീധരൻ ഒരു വാർത്താചാനലിനോട് പറഞ്ഞു.
ഇന്ത്യക്ക് വെള്ളിമെഡൽ വാങ്ങിതന്ന പി വി സിന്ധുവിനേയും അവരുടെ കോച്ച് പുല്ലേല ഗോപിചന്ദിനേയും അത്ര പെട്ടന്ന് മറക്കാൻ ആർക്കും കഴിയില്ല. സിന്ധുവിന്റെ മാത്രമല്ല, സൈന നെഹ്‌വാളിന്റേയും നേട്ടത്തിനു പിന്നിൽ ഗോപിചന്ദ് ആയിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ അക്കാദമിയും. ഇതേ മാതൃകയിൽ രാജ്യാന്തര നിലവാരമുള്ള അക്കാദമി കൊച്ചി കടവന്ത്രയിലെ റീജിയനൽ സ്പോട്സ് സെന്ററിൽ ആരംഭിക്കാനാണു തീരുമാനമായിരിക്കുന്നത്.
2024ൽ നടക്കാനിരിക്കുന്ന ഒളിംപിക്സാണ് ലക്ഷ്യം. ഇതിനായി കേരളത്തിൽനിന്നു നൂറു കുട്ടികളെ കണ്ടെത്തി തുടർച്ചയായ പരിശീലനം നൽകുകയാണു പദ്ധതിയുടെ തീരുമാനം. പരിശീലനത്തിനു മേൽനോട്ടം നൽകാനായി ഗോപിചന്ദുമായുള്ള ആദ്യ ചർച്ചകൾ പൂർത്തിയായെന്നും സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി മാത്രമാണ് ഇനി വേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.