മലപ്പുറം|
VISHNU N L|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (13:17 IST)
കോഴിക്കോട് വിമാനത്താവളത്തില്‍കൂടി പര്‍ദ്ദയ്ക്കുള്ളില്‍,ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ രാവിലെ പത്തിനെത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇവരെ ചോദ്യം ചെയ്തു. വസ്ത്രധാരണ രീതിയിൽ സംശയം തോന്നിയതിനെത്തുടർന്ന് വനിതാ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പര്‍ദ്ദയ്ക്കുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
പര്‍ദ്ദയ്ക്കുള്ളില്‍ ജാക്കറ്റ് വച്ച് ജാക്കറ്റിനുള്ളിലെ അറകളിൽ ചെറുതും വലുതുമായ ഒൻപത് കട്ടികളായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഒരു കിലോയുടെ കട്ടികളാണ് അധികവും. ജാക്കറ്റിനുള്ളിൽ ഇത്രയും സ്വർണം പിടിക്കുന്നത് ആദ്യമായാണ്. ഇവരെ കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്യുകയാണ്. പിടികൂടിയ സ്വര്‍ണ കട്ടികള്‍ ഒൻപതര കിലോയോളം വരുമെന്നാണ് കസ്റ്റംസ് പറയുന്നത്.
അതേസമയം, ഫോർട്ടുകൊച്ചി സ്വദേശിയായ താൻ ഭർത്താവിനെ കാണാൻ എത്തിയതാണെന്നും മറ്റൊരാൾ തന്നയച്ച സ്വർണമാണിതെന്നും അവർ കസ്റ്റംസ് അധികൃതരോടു പറഞ്ഞു. ഇന്നലെ ഇതേ വിമാനത്തിലെത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരൻ വിമാനത്തിനുള്ളിലെ ഫ്ലോർ മാറ്റിനടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2.33 കിലോ സ്വർണം കസ്റ്റസ് ഇന്റലിജൻസ് പിടികൂടിയിരുന്നു.