‘ഗീതോ’പദേശത്തില്‍ സര്‍ക്കാരിനെ തളര്‍ത്താന്‍ കോണ്‍ഗ്രസും ബിജെപിയും; മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിഎസിന്റെ കത്ത് ആയുധമാക്കും

ഇടതു പാളയത്തില്‍ തമ്മിലടിയുണ്ടാക്കാന്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍

തിരുവനന്തപുരം/ന്യൂഡല്‍ഹി| ജിയാന്‍ ഗോണ്‍‌സാലോസ്| Last Updated: വെള്ളി, 29 ജൂലൈ 2016 (15:47 IST)
ഹാർവഡ് സർവകലാശാലയിലെ പ്രഫ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദൻ സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ചതിന് പിന്നാലെ സാഹചര്യം ഗുരുതരമാക്കാന്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്ത്.

ആഗോളവൽകരണത്തി​ന്റെ വക്​താവായ ഗീതയെ ഉപദേഷ്​ടാവായി നിയമിക്കുന്നത്​ പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക്​ വിരുദ്ധമാണെന്നാണ് വിഎസ്​ കത്തിൽ പറയുന്നത്. നവലിബറൽ ആശയക്കാരിയെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതയെ നിയമിച്ചതിൽ ദുരൂഹതയുണ്ട്. അവരുടെ നിലപാട്​ കേരളത്തി​ന്റെ പൊതു വികസനത്തിന്​ ചേർന്നതല്ല. ഇന്ധന വില നിർണയാവകാശം എണ്ണ കമ്പനികള്‍ക്ക് നൽകിയതിനെ ഗീത പ്രകീർത്തിച്ചിരുന്നു. ഗീതയുടെ നിയമനം പാർട്ടിയുടെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്നും വിഎസ് കത്തിലൂടെ ആവശ്യപ്പെട്ടതോടെ ഇടതു പാളയത്തില്‍ തമ്മിലടിയുണ്ടാക്കാന്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ കളത്തിലിറങ്ങിയത്.

ഗീതയുടെ നിയമനം പുതിയ ആശയങ്ങള്‍ കൊണ്ടുവരുന്നതിന് സഹായകരമാകുമെന്നാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയത്. മികച്ച പ്രവര്‍ത്തന മികവുള്ള ഗീതയുടെ സേവനവും ഉപദേശവും ലഭിക്കാന്‍ കഴിയുന്നത് കേരളത്തിന്റെ ഒരു ഭാഗ്യമാണെന്നാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത്.

നവ ലിബറല്‍ സാമ്പത്തിക കാഴ്ച്ചപ്പാടുള്ള ഗീതയെ ഇടതു സര്‍ക്കാര്‍ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് കൗതുകമുണര്‍ത്തുന്നതാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ധനകാര്യ വിദഗ്ധനുമായ ജയ്‌റാം രമേശിന്റെ പ്രതികരണം. ഗീത മികച്ച ഇക്കോണമിസ്റ്റാണ്, എന്നാല്‍ അവരുടെ ആശയങ്ങള്‍ സിപിഎമ്മിന്റേതില്‍ നിന്നു വ്യത്യസ്തമാണ് ജയറാം രമേശും പറഞ്ഞു.

ഗീതയുടെ നിയമനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെങ്കിലും ഇക്കാര്യത്തില്‍ ഡോ. ധനമന്ത്രി തോമസ് ഐസകിന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

ഗീതയുടെ നിയമനത്തിലൂടെ എല്‍ഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കുള്ളതെന്ന് വ്യക്തമാണ്. ഗീതയുടെ നിയമനത്തിനെ പ്രധാന ഘടകക്ഷിയായ സിപിഐ വിമര്‍ശനം ഉന്നയിച്ചതോടെയാണ് എതിര്‍പ്പുകള്‍ തലപൊക്കിയത്.

ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് പാര്‍ട്ടി നിലപാടുകള്‍ക്ക് ചേരാത്തതാണെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും പൊതുവിലയിരുത്തല്‍. നവ ഉദാരവല്‍ക്കരണത്തെയും കമ്പോള മുതലാളിത്തത്തെയും സ്വകാര്യവല്‍ക്കരണത്തെയും ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഗീത ഗോപിനാഥിന്റേത്. സാമ്പത്തിക വിദഗ്ധനായ ധനകാര്യമന്ത്രിയുള്ള സംസ്ഥാനത്തു മുഖ്യമന്ത്രിക്കു പുറത്തുനിന്നൊരു ഉപദേഷ്ടാവ് എന്തിനെന്ന ചോദ്യവും സജീവമാണ്.

ആനുകൂല്യങ്ങള്‍ ഇല്ലാതെയാണ് ഗീതയേയും മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നത്. സാമ്പത്തിക വിദഗ്ധനെന്ന് പേരെടുത്ത ധനമന്ത്രി ഡോ. തോമസ് ഐസക്കും സംസ്ഥാനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രനുമുള്ളപ്പോഴാണ് ഈ നിയമനമെന്നതാണ് സാഹചര്യം ഗുരുതരമാക്കുന്നത്. ആഗോളീകരണം, സ്വകാര്യവത്‌കരണം, നവഉദാരീകരണം എന്നീ നയങ്ങളെ മുറുകെ പിടിക്കുന്ന വ്യക്തിയാണ് ഗീതയെന്നതാണ് ആക്ഷേപം. ഈ നയങ്ങള്‍ ഇടതു സര്‍ക്കാര്‍ എതിര്‍ക്കുന്നതുമാണ്.

ഗീത ഇതുവരെ സ്വീകരിച്ചിട്ടുള്ളത് വലതുപക്ഷ സാമ്പത്തിക നിലപാടുകളാണ്. ബിജെപി സര്‍ക്കാരിന്റെ ബജറ്റിനെ പുകഴ്‌ത്തുകയും ഇടതുപക്ഷം ദേശീയ തലത്തില്‍ എതിര്‍ത്തിരുന്ന, ഡീസല്‍ വില നിയന്ത്രണം എടുത്തകളഞ്ഞ മോദി സര്‍ക്കാര്‍ നിലപാടിനെ ഗീത പിന്തുണക്കുകയും ചെയ്‌തിരുന്നു. കൂടാതെ തൊഴിലുറപ്പ് പദ്ധതി നടപ്പാ‍ക്കരുതെന്നും പൊതുമേഖലകളിലെ തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ നടപ്പാക്കരുതെന്നും പൊതുമേഖലകളുടെ ഓഹരി വില്‍പ്പന വേഗത്തിലാക്കണമെന്നും അവര്‍ വാദിക്കുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളുമായി തോമസ് ഐസക്ക് എത്തുമ്പോള്‍ ഗീതയുടെ ഇടപെടല്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും. ഇരുവരും വ്യത്യസ്ഥമായ നിലപാടുകള്‍ സ്വീകരിച്ചാല്‍ ആശയക്കുഴപ്പവും ഒപ്പം വിവാദങ്ങളുമുണ്ടാക്കും. നിലപാടുകളില്‍ വ്യതിചലിക്കാതെ അതില്‍ മുറുകെ പിടിക്കുന്ന മുഖ്യമന്ത്രിക്ക് അത്തരക്കാരിയായ സാമ്പത്തിക ഉപദേശക എത്തുമ്പോള്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ വിവാദമുണ്ടാകുമെന്ന് വ്യക്തമാണ്.


ഇതാദ്യമായാണ് ഇടതുപക്ഷ മുഖ്യമന്ത്രിക്ക് സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടാകുന്നത്. സാധാരണ ഇടതു സര്‍ക്കാരില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനാണ് സാമ്പത്തിക ഉപദേഷ്ടാവിന്റെ കടമ നിര്‍വഹിക്കാറുള്ളത്. നേരത്തെ സര്‍ക്കാര്‍ ആസൂത്രണ ബോര്‍ഡില്‍ അംഗമായിരുന്ന ഐഎസ് ഗുലാത്തി, പ്രഭാത് പട്‌നായിക് എന്നിവരെ പോലുള്ള മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്തഞ്ജരാണ് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ സാമ്പത്തിക നയം തീരുമാനിച്ചിരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :