തിരുവനന്തപുരം|
Last Modified ഞായര്‍, 3 ഫെബ്രുവരി 2019 (16:25 IST)
എൻഡോസൾഫാൻ സമര സമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയിച്ചു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചു.
ദുരിത ബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. 2017 ൽ മെഡിക്കൽ സംഘം കണ്ടെത്തിയ ദുരിത ബാധിതർക്കും ആനുകൂല്യങ്ങൾ നൽകും. അന്ന് 18 വയസ്സ് പൂർത്തിയായാവർക്ക് ആനുകൂല്യം നൽകാനാണു തീരുമാനം.
തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തി. വൈദ്യപരിശോധനയിൽ കണ്ടെത്തിയ 1905 പേരെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പഞ്ചായത്തിന്റെ അതിർത്തി നോക്കാതെ തന്നെ ദുരന്ത ബാധിതരായ എല്ലാവർക്കും ആനുകൂല്യം നൽകും. ഇതോടെ ദുരിത ബാധിതരുടെ പട്ടികയിൽ കൂടുതൽ പെരെ ഉൾപ്പെടുത്താനാകും. ദുരിത ബാധിത മേഖലകളിൽ വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്താനും ചർച്ചയിൽ തീരുമാനമായി.
കാസര്‍കോടുനിന്നുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ എട്ട് കുടുംബങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ അഞ്ച് ദിവസം നീണ്ട സമരം നടത്തിയിരുന്നു. ദയാബായിയുടെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്. സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.