ആദ്യം ‘ടെസ്‌റ്റ് ഡോസ്, ഇടപാട് വിദ്യാര്‍ഥിനികളും വീട്ടമ്മമാരുമായി; മയക്കുമരുന്നുമായി സ്‌നിപ്പര്‍ ഷേക്ക് പിടിയില്‍

 police , Drug mafia , sniper shake , സ്‌നിപ്പര്‍ ഷേക്ക് , മയക്കുമരുന്ന് , പൊലീസ് , പെണ്‍കുട്ടികള്‍
ആലുവ| Last Modified വെള്ളി, 17 മെയ് 2019 (14:45 IST)
വിദ്യാര്‍ഥികള്‍ക്കടക്കം മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കാക്കനാട് അത്താണിയില്‍ താമസിക്കുന്ന കൊല്ലം കടയ്ക്കാവൂര്‍ സ്വദേശിയായ 'സ്‌നിപ്പര്‍ ഷേക്ക്' എന്നറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് (22) എന്നയാളാണ് കസ്‌റ്റഡിയിലായത്.

ആലുവയിലുള്ള ഏജന്റിന് മയക്കുമരുന്ന് കൈമാറാന്‍ ആലുവ യുസി കോളജിന് സമീപം കാത്തുനില്‍ക്കുന്നതിന് ഇടയിലാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം മുഹമ്മദ് സിദ്ദിഖിനെ പിടികൂടിയത്. ഈ സമയം ഇയാളുടെ കൈയില്‍ 120 മയക്കുമരുന്ന് ഗുളികകള്‍ ഉണ്ടായിരുന്നു. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥിനികളും വീട്ടമ്മമാരുമാണ് ഇയാളുടെ പ്രധാന ഇടപാടുകാരെന്ന് വ്യക്തമായി. ടെസ്‌റ്റ് ഡോസ് എന്ന പേരില്‍ സൗജന്യമായി മയക്കുമരുന്നുകള്‍ നല്‍കി വശത്താക്കിയ ശേഷമാണ് പണം നല്‍കിയുള്ള വില്‍പ്പന ആരംഭിച്ചിരുന്നത്.

സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയകളില്‍ നിന്നാണ് മുഹമ്മദ് സിദ്ദിഖ് മയക്കുമരുന്നുകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരും ഉണ്ട്.

ഈ മാസം ആദ്യം സേലത്തുനിന്ന് മയക്കുമരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ ആലുവ എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണ് മുഹമ്മദ് സിദ്ദിഖിനെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :