വലിയ സ്ത്രീധനം ചോദിച്ചു വിവാഹം ഒഴിവാക്കാനായിരുന്നു റുവൈസിന്റെ ശ്രമം; ഷഹനയുടെ ആത്മഹത്യക്കുറിപ്പ് നിര്‍ണായകമാകുന്നു

ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ ഇ.എ.റുവൈസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്

രേണുക വേണു| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (10:00 IST)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ വനിത ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ നിര്‍ണായകമായി ആത്മഹത്യക്കുറിപ്പ്. ആണ്‍സുഹൃത്ത് ഡോ.റുവൈസിന്റെ പേര് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. ഷഹനയുടെ ആത്മഹത്യക്കുറിപ്പില്‍ റുവൈസിന്റെ പേര് ഉള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി ജീവിതം നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് കുറിപ്പില്‍ പറയുന്നു.

ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ ഇ.എ.റുവൈസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രിയും കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. വലിയ സ്ത്രീധനം ചോദിച്ചു വിവാഹത്തില്‍ നിന്ന് തടിതപ്പുകയായിരുന്നു റുവൈസിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. ഒന്നര കിലോ സ്വര്‍ണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാല്‍ കൊടുക്കാനാകില്ലെന്നതാണ് സത്യമെന്ന് ഷഹനയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്.

ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ റുവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നതില്‍ നിര്‍ണായക തെളിവായിരിക്കും ഷഹനയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയ കുറിപ്പ്. മരിക്കുന്നതിന്റെ തലേദിവസം സ്ത്രീധന കാര്യം പറഞ്ഞ് ഷഹന റുവൈസിന് സന്ദേശം അയച്ചെന്നും പൊലീസ് പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :