വ്യക്തിഗത ശേഷിയുടെ പേരിൽ അവാർഡ് വേണ്ട, മാഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതിൽ കെകെ ശൈലജയെ പാർട്ടി വിലക്കിയതായി റിപ്പോർട്ട്

കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്തിയ ഫിലിപ്പൈൻസ് ഭരണാധികാരിയായിരുന്നു രമൺ മാഗ്സസെ. ഇതും അവാർഡ് നിരസിക്കാൻ കാരണമായതായി റിപ്പോർട്ട് ഉണ്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (11:01 IST)
മുൻ ആരോഗ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെ കെ ശൈലജയ്ക്ക് മാഗ്സസെ പുരസ്കാരം ലഭിച്ചിട്ടും പുരസ്കാരം സ്വീകരിക്കുന്നതിനെ സിപിഎം പാർട്ടി നേതൃത്വം വിലക്കിയതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്. നിപ പ്രതിരോധവും കൊവിഡ് കാലത്തെ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാർഡിന് പരിഗണിച്ചത്.

അവാർഡിന് പരിഗണിക്കുന്ന വിവരം മഗ്സസെ ഫൈണ്ടേഷൻ ശൈലജയെ അറിയിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കാനുള്ള അവരുടെ താത്പര്യം ഫൗണ്ടേഷൻ ആരായുകയും ചെയ്തിരുന്നു. തുടർന്ന് ഈ വിവരം ശൈലജ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുകയും ചെയ്തു. ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിച്ചതെന്നും നിപയ്ക്കും കൊവിഡിനുമെതിരായ പ്രതിരോധം സംസ്ഥാനത്തിൻ്റെ കൂട്ടായ ശ്രമത്തിൻ്റെ ഭാഗമാണെന്നും അതിനാൽ വ്യക്തിഗത ശേഷിയുടെ പേരിൽ അവാർഡ് സ്വീകരിക്കേണ്ടെന്നുമുള്ള നിലപാടാണ് പാർട്ടി സ്വീകരിച്ചത്.

ഏഷ്യയുടെ നൊബൽ സമ്മാനമായി അറിയപ്പെടുന്ന പുരസ്കാരമാണ് മഗ്സസെ അവാർഡ്. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ അടിച്ചമർത്തിയ ഫിലിപ്പൈൻസ് ഭരണാധികാരിയായിരുന്നു രമൺ മാഗ്സസെ. ഇതും അവാർഡ് നിരസിക്കാൻ കാരണമായതായി റിപ്പോർട്ട് ഉണ്ട്. ഇത്തരമൊരു അവാർഡ് സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്ന് പാർട്ടി വിലയിരുത്തുന്നു. പുരസ്കാരം സ്വീകരിച്ചിരുന്നുവെങ്കിൽ മാഗ്സസെ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടം കെ കെ ശൈലജയ്ക്ക് സ്വന്തമാകുമായിരുന്നു.

വർഗീസ് കുര്യൻ, എം എസ് സ്വാമിനാഥൻ,ബി ജി വർഗീസ്,ടി എൻ ശേഷൻ എന്നിവരാണ് ഇതിന് മുൻപ് പുരസ്കാരം സ്വന്തമാക്കിയ മറ്റ് മലയാളികൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :