തിരുവനന്തപുരം|
സജിത്ത്|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (17:08 IST)
ഹൈടെക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖം നന്നാകാത്തതിനു കണ്ണാടി പൊട്ടിച്ചിട്ടു കാര്യമില്ലെന്നാണ് ഫേസ്‌ബുക്കിലൂടെ ചെന്നിത്തല പ്രതികരിച്ചത്. ചക്കയിട്ടപ്പോള്‍ മുയലു ചത്തപോലെ ഒരാളെ പിടിച്ചതിനു വീമ്പിളക്കാന്‍ മുതിരരുതെന്നും ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മുഖ്യമന്ത്രീ... മുഖം നന്നാകാത്തതിന് കണ്ണാടി പൊട്ടിച്ചിട്ടു കാര്യമില്ല.
വിദേശ ക്രിമനലുകളുടെ താവളമായി കേരളം മാറി എന്ന എന്‍റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരിച്ചത് വായിച്ചപ്പോള്‍ പിണറായി വിജയന്‍ തമാശ പറയില്ല എന്ന് പറയുന്നത് വെറുതെയാണെന്ന് എനിക്ക് തോന്നി. എ ടി എം കവര്‍ച്ചാ കേസില്‍ മണിക്കൂറുകള്‍ക്കകം അവര്‍ പിടിയിലായെന്നും അതുകൊണ്ട് ഞാന്‍ പ്രസ്താവന പിന്‍വലിക്കണമെന്നുമാണ് ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആദ്യമേ പറയട്ടേ അവര്‍ മണിക്കൂറുകള്‍ക്കക്കം പിടിയിലായി എന്ന് അങ്ങ് പറയുന്നു. ആരാണ് ഈ അവര്‍. അഞ്ച് പേരാണ് വിദേശ മോഷ്ടാക്കള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഈ അഞ്ച് പേരില്‍ ഒരാള്‍ മാത്രമെ ഇതുവരെ പിടിയിലായുള്ളു. അഞ്ചാമന്‍ ഇപ്പോഴും നിര്‍ബാധം കൊള്ള തുടരുന്നു. ബാക്കി മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് തന്നെ പറയുന്നു. ചക്കയിട്ടപ്പോള്‍ മുയലു ചത്തപോലെ ഒരാളെ പിടിച്ചതിന് വീമ്പെളക്കാന്‍ മുതിരരുത്. ബാക്കിയുള്ളവരെ പിടിക്കാന്‍ ഇനി പാഴൂര്‍ പടിപ്പുര വരെ പോകണോ? പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന് തൊട്ടുതാഴെ, ഡി ജി പിയുടെ മൂക്കിന് താഴെയാണ് ഈ അന്താരാഷ്ട്ര കൊള്ള നടന്നത്. ഇവിടെ ഇന്റലിജന്‍സ് എന്നൊരു സംവിധാനമുണ്ട് എന്ന് അങ്ങേക്കറിയാമല്ലോ, അവര്‍ എന്തെടുക്കുകയായിരുന്നു, വിദേശ പൗരന്‍മാരെ നിരീക്ഷിക്കേണ്ടത് ഇന്റലിജന്‍സിന്റെ ചുമതലയാണ്. അവര്‍ക്ക് അനധികൃത സിംകാര്‍ഡ് പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞു.
സി സി ടി വി യില്‍ പതിഞ്ഞ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങളാണ് ഒരാളെയെങ്കിലും പിടിക്കാന്‍ സഹായിച്ചത്. എ ടി എമ്മില്‍ സി സി ടി വി വയ്കുന്നത് പൊലീസല്ല, ബാങ്ക് അധികൃതരാണ്. കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് കൊല്ലം കളക്ടറേറ്റില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നു ഇതുവരെ പ്രതികളെ പിടിച്ചില്ലെന്ന് മാത്രമല്ല സംശയത്തിന്‍റെ പേരില്‍ പോലും ആരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. അവിടെ സി സി ടി വി ഇല്ലാത്തത് കൊണ്ടായിരിക്കും പൊലീസിന് അതു സാധിക്കാത്തത്.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട്‌ചെരുപ്പ് മരത്തില്‍ കെട്ടിത്തൂക്കിയിട്ടു എന്നൊരു വാചകം അങ്ങയുടെ ഫേസ് ബുക്ക് പോസ്റ്റിലുണ്ട്. ഞാന്‍ നിയോഗിച്ച അന്വേഷണ സംഘം 28 ദിവസം കൊണ്ട് ഉണ്ടാക്കിയ ശാസ്ത്രീയ തെളിവുകള്‍ക്കപ്പുറം ഒരിഞ്ച് നീങ്ങാന്‍ അങ്ങയുടെ അന്വേഷണ സംഘത്തിന് 75 ദിവസം കഴിഞ്ഞിട്ടും സാധ്യമായില്ല. അന്വേഷണവും, പ്രതിയെ കണ്ടുപിടിക്കലും ഒരു തുടര്‍ പ്രക്രിയയാണ്. പ്രതിയെ ആരും വായുവില്‍ നിന്നും വീശിപ്പിടിക്കുന്നതല്ല. അന്ന് കണ്ടെത്തിയ ചെരുപ്പാണ് പ്രതിയെ പിടികൂടുന്നതിനുള്ള പ്രധാന തെളിവായി മാറിയത്. അറിയില്ലങ്കില്‍ അങ്ങ് നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥരോട് തന്നെ ചോദിക്കുക. പ്രസ്തുത ചെരിപ്പ് വാങ്ങിച്ചതാരാണെന്ന് വിറ്റ കടയുടമക്ക് മനസിലാക്കാന്‍ കഴിഞ്ഞതാണ് പ്രതിയെ പിടിക്കുന്നതിലേക്ക് നയിച്ചത്. പൊലീസിനെ രണ്ടു തട്ടിലാക്കാനാണ് ജിഷ വധക്കേസ് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ അങ്ങ് ശ്രമിച്ചത്. കേരളം കള്ളന്‍മാരുടെയും, കൊലപാതകികളുടെയും, സൈബര്‍ കുറ്റവാളികളുടെയും പറുദീസയായി മാറിക്കഴിഞ്ഞുവെന്ന് എന്‍റെ പ്രസ്താവനയാണല്ലോ അങ്ങയെ ചൊടിപ്പിച്ചത്, അങ്ങിനെ രോഷാകുലനാകാന്‍ വരട്ടെ 58 കൊലപാതകങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അരങ്ങേറിയത്. അങ്ങ് നേരിട്ടു നയിക്കുന്ന പൊലീസിന്‍റെ അഴിഞ്ഞാട്ടം അസഹനീയമായിക്കഴിഞ്ഞു. കണ്ണൂരിലെ നിരപരാധികളായ ദളിത് പെണ്‍കുട്ടികളെ ഒരു കൊച്ചുകുട്ടിയോടൊപ്പം സി പി എം കാരുടെ കള്ളപ്പരാതിയില്‍ കല്‍ത്തുറങ്കിലടച്ചത് അങ്ങ് മറന്നിട്ടില്ലെന്നാണ് എന്‍റെ വിശ്വാസം. മാധ്യമപ്രവര്‍ത്തകരും, അഭിഭാഷകന്‍മാരും തമ്മില്‍ കോടതിവളപ്പുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ അങ്ങയുടെ മിടുക്കന്‍മാരായ പൊലീസുകാര്‍ അനങ്ങാപ്പാറകളെ പോലെ നില്‍ക്കുകയായിരുന്നു. കുറ്റം പറയരുതല്ലോ, ഹെല്‍മറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ ഒരു പാവം ചെറുപ്പക്കാരന്‍റെ തല വാക്കിടോക്കികൊണ്ട് ഇടിച്ചു പൊട്ടിക്കാന്‍ മിടുക്കന്‍മാരാണ് അങ്ങയുടെ പോലീസുകാര്‍. ഭരണം കാര്യക്ഷമമാക്കാന്‍ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും അത്താഴ വിരുന്ന് നടത്തുമ്പോള്‍ ടോമിന്‍ തച്ചങ്കരി എല്ലാ ആര്‍ ടി ഓ ഓഫീസുകളിലും ജന്‍മദിനം ആഘോഷിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇതെല്ലാം പ്രബുദ്ധ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഏറ്റവും കാര്യക്ഷമമായ പൊലീസ് സംവിധാനത്തെയാണ് ഞാന്‍ നയിച്ചതെന്ന് കാലവും ചരിത്രവും സാക്ഷികളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളത്തെ ദേശീയ മാധ്യമങ്ങള്‍ തിരഞ്ഞെടുത്തു. ഓപ്പറേഷന്‍ കുബേരയിലൂടെയും, ഓപ്പറേഷന്‍ സുരക്ഷയിലൂടെയും ഞാന്‍ നയിച്ച ആഭ്യന്തര വകുപ്പ് ക്രിമനലുകളെ കേരളത്തില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ചപ്പോള്‍ അങ്ങയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് അവരെയെല്ലാം മുന്‍കാല പ്രാബല്യത്തോടെ തിരിച്ചുകൊണ്ട് വന്ന് പുനരധിവസിപ്പിക്കുകയാണ്. അത് കൊണ്ട് തന്നെയാണ് കേരളം കുറ്റവാളികളുടെ പറുദീസയായെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നതും അതില്‍ ഉറച്ച് നില്‍ക്കുന്നതും, എനിക്ക് മുഖ്യമന്ത്രിയോടൊന്നേ പറയാനുള്ളു, മുഖം നന്നാകാത്തതിന് കണ്ണാടി പൊട്ടിച്ചിട്ട് കാര്യമില്ല.